കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പല മണ്ഡലങ്ങളിലും ആരൊക്കെയാവും ഇറങ്ങുന്നത് എന്നത് സംബന്ധിച്ച് ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും കാര്യമായി തന്നെ അണിയറയിൽ നടക്കുന്നുണ്ട്. രണ്ടല്ല, ഇക്കുറി മൂന്ന് മുന്നണികളാണ് മത്സര രംഗത്തുള്ളത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. മാത്രമല്ല പല മണ്ഡലങ്ങളിലും ത്രികോണ മത്സരം തന്നെയാണ് ഇത്തവണ നടക്കാൻ പോവുന്നതെന്നും വിലയിരുത്തലുണ്ട്.
അത്തരത്തിൽ ഏറെ ശ്രദ്ധയോടെ എല്ലാവരും നോക്കി കാണുന്ന മത്സരം നടക്കുന്നത് കൊല്ലത്തെ പത്തനാപുരത്ത് ആണ്. രണ്ടാം പിണറായി സർക്കാരിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മന്ത്രിയെന്ന വിശേഷണം ഏറ്റവും ചേരുക ഗണേഷ് കുമാറിനാണ്. കെഎസ്ആർടിസിയെ വീണ്ടും ജനകീയമാക്കാനുള്ള ഗണേഷിന്റെ ശ്രമങ്ങൾ എല്ലാവർക്കും അറിയാവുന്നതുമാണ്. ഇപ്പോഴിതാ ഗണേഷ് വീണ്ടും പത്തനാപുരത്ത് ഇറങ്ങുമെന്നാണ് കരുതുന്നത്.

അതും ആറാം തവണയാണ് ഗണേഷ് ഇവിടെ നിന്ന് ജനവിധി തേടുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു മന്ത്രി അല്ലെങ്കിൽ എംഎൽഎ എന്നതിലുപരി മണ്ഡലത്തിൽ ഏറ്റവും ജനകീയമായ വ്യക്തികളിൽ ഒരാളാണ് ഗണേഷ് കുമാർ. മണ്ഡലത്തിൽ ഓരോ മുക്കും മൂലയും അറിയാവുന്ന ആൾ. അതുകൊണ്ട് തന്നെ ഗണേഷിനെ വീഴ്ത്തുക എന്നത് യുഡിഎഫിനെ സംബന്ധിച്ച്, പ്രത്യേകിച്ച് കോൺഗ്രസിന് വലിയ വെല്ലുവിളിയാണ്.
അതിനായി ഒരിക്കൽ കൂടി ജ്യോതികുമാർ ചാമക്കാലയെ തന്നെ രംഗത്ത് ഇറക്കുമെന്നാണ് കരുതുന്നത്. യുവ കോൺഗ്രസ് നേതാക്കളിൽ ശ്രദ്ധേയനായ ചാമക്കാല ചാനൽ ചർച്ചകളിലൂടെ എല്ലാവർക്കും സുപരിചിതനാണ്. അതിലുപരി കഴിഞ്ഞ തവണ ഗണേഷ് കുമാറിനോട് ഇതേ മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്‌ത ആളാണ് ജ്യോതികുമാർ.
അത് തന്നെയാണ് അദ്ദേഹത്തിൽ കോൺഗ്രസ് കാണുന്ന പ്രധാന ഗുണം. നിരന്തരം ഓരോ തിരഞ്ഞെടുപ്പിലും ഗണേഷിനെതിരെ മത്സരാർത്ഥി മാറിയാൽ അതൊരിക്കലും ഗുണം ചെയ്യില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഏറ്റവും പ്രഥമ പരിഗണന ജ്യോതികുമാറിന് തന്നെയാവും. കെഎസ്‌യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിൽ ജ്യോതികുമാർ ചാമക്കാലയുടെ രണ്ടാം അങ്കമായിരിക്കും ഇത്.
എന്നാൽ ഗണേഷിന് ഇക്കുറിയും ജയം ഉറപ്പാണെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. മന്ത്രി എന്ന നിലയിൽ ഗണേഷിന്റെ പ്രവർത്തനങ്ങൾക്ക് നല്ല മതിപ്പുണ്ടെന്നതാണ് അതിന്റെ പ്രധാന കാരണം. മാത്രമല്ല മണ്ഡലത്തിൽ നല്ല സ്വാധീനമാണ് ഗണേഷിനുള്ളത്. മൂന്ന് വട്ടം യുഡിഎഫിനൊപ്പം ഉള്ളപ്പോഴും കഴിഞ്ഞ രണ്ട് തവണയായി എൽഡിഎഫിനൊപ്പവും ഗണേഷ് ഇവിടെ ജയിച്ചു കയറിയിട്ടുണ്ട്.
ഇവർക്ക് പുറമേ ബിജെപി ആരെയായിരിക്കും മത്സരത്തിന് ഇറക്കുക എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പല സെലിബ്രിറ്റികളെയും രംഗത്ത് ഇറക്കിയിട്ടുള്ള ബിജെപി ഇത്തവണ ആരെയാവും രംഗത്ത് കൊണ്ട് വരിക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ ബിജെപിയിൽ ഉള്ളപ്പോൾ ഭീമൻ രഘു അടക്കം ഇവിടെ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. അതുപോലെ സിനിമാ-കലാ രംഗത്ത് നിന്നുള്ളവർക്ക് സാധ്യത ഏറെയാണ്.
Credit: Oneindia