ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവി ഏതാണെന്ന് ചോദിച്ചാൽ ആരും കണ്ണുംപൂട്ടി പറയുന്ന പേരാണ് മാരുതി സുസുക്കി എർട്ടിഗയുടേത്. ടൊയോട്ട ഇന്നോവ, കിയ കാരെൻസ് ക്ലാവിസ്, മഹീന്ദ്ര മറാസോ തുടങ്ങിയ വമ്പൻമാരോടെല്ലാം ഏറ്റുമുട്ടി ഈ പദവി എർട്ടിഗ അലങ്കരിക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. ദേ ഇപ്പോൾ 2026 ജനുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവി എന്ന സ്ഥാനം മാരുതി സുസുക്കി എർട്ടിഗ നിലനിർത്തിയിരിക്കുകയാണ്. വലിയ കുടുംബമുള്ളവർക്ക് എപ്പോഴും ഒരു സെവൻ സീറ്റർ മോഡൽ വാങ്ങണമെന്ന ആഗ്രഹം ഉള്ളിലുണ്ടാവുമല്ലോ അവരുടെയെല്ലാം സ്വപ്‌നങ്ങൾ പൂവണിയിക്കുന്നതും ഇതേ മോഡൽ തന്നെയാണ്.
ചെറിയ ബജറ്റിൽ വിശ്വസിച്ച് വാങ്ങിക്കാൻ പറ്റുന്ന മറ്റൊരു 7-സീറ്റർ ഇന്ന് രാജ്യത്തുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ ഇന്ത്യക്കാരുടെ മനസിൽ മാരുതിയുടെ മൾട്ടി പർപ്പസ് വാഹനത്തിന് പ്രത്യേക സ്ഥാനവുമുണ്ട്. റഷ്‌ലൈൻ പുറത്തുവിട്ട വിൽപ്പന കണക്കുകൾ പ്രകാരം 2026 ജനുവരിയിൽ എർട്ടിഗയുടെ 17,892 യൂണിറ്റുകളാണ് നിരത്തിലെത്തിയിരിക്കുന്നത്. 2025 ജനുവരിയിലെ 14,248 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 25.58 ശതമാനം വളർച്ചയുണ്ടായതായി കാണാം.

ഒരുവർഷത്തെ ഗ്യാപ്പിൽ അതേമാസം എംപിവിയുടെ 3,644 എണ്ണം കൂടുതൽ വിൽക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്കായെന്ന് സാരം. 2026 ജനുവരി മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവി എന്ന സ്ഥാനം മാരുതി സുസുക്കി എർട്ടിഗ നിലനിർത്തി. അതേസമയം 2026 ജനുവരി മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയിൽ എർട്ടിഗ അഞ്ചാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി.
താരതമ്യേന കുറഞ്ഞ വിലയും ഇൻ്റീരിയറിലെ വിശാലമായ സ്പേസും 7 പേർക്ക് പോവാനാവുന്ന പ്രായോഗികതയും എർട്ടിഗയെ വേറിട്ട് നിർത്തുന്ന ഘടകങ്ങളാണ്. പിന്നെ നല്ല മൈലേജ്, കുറഞ്ഞ മെയിൻ്റനെൻസ്, മാരുതിയുടെ വിശ്വാസം, എല്ലായിടത്തും സർവീസ് സെൻ്ററുകൾ എന്നിവ കൂടിയാവുമ്പോൾ സംഗതി ഉഷാറാവുകയും ചെയ്യും. LXi, VXi, VXi CNG, ZXi, VXi AT എന്നിങ്ങനെ വിവിധ വേരിയൻ്റുകളിൽ എംപിവി തെരഞ്ഞെടുക്കാനും സാധിക്കും.

മാരുതി സുസുക്കിയുടെ 7-സീറ്റർ എംപിവിക്ക് നിലവിൽ 8.80 ലക്ഷം മുതൽ 12.94 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പ് വരെ ഡീസൽ എഞ്ചിനിലും ലഭ്യമായിരുന്നുവെങ്കിലും ഇപ്പോൾ പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് എർട്ടിഗ വാങ്ങാനാവുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എംപിവിയിലുള്ളത്.
പെട്രോളിൽ 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്ന എർട്ടിഗയ്ക്ക് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 87 bhp പവറിൽ 121.5 Nm ടോര്‍ക്ക് മാത്രമേ നൽകാനാവൂ. പെർഫോമൻസ് കുറയുമെങ്കിലും മൈലേജിൻ്റെ കാര്യത്തിൽ ധനികനാണ് സിഎൻജി പതിപ്പുകൾ. 26.11 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹരിതബദലുകൾ ഇന്ത്യൻ വിപണിയിൽ വാഗ്‌ദാനം ചെയ്യുന്നത്.

അതേസമയം മാരുതി സുസുക്കി എർട്ടിഗയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് തരിക. സേഫ്റ്റിലിൽ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ഒന്നുമില്ലെങ്കിലും 6 എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾ സ്റ്റാൻഡേർഡായി തന്നെ വാഹനത്തിൽ ലഭ്യമാണ്.
അതുപോലെ തന്നെ യാത്രകൾ ഗംഭീരമാക്കുവാനായി 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് പോലുള്ള ഉപയോഗപ്രദമായ ഫീച്ചറുകളും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി എർട്ടിഗയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
Credit: Drivespark