ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു ഇതു കഷ്ടകാലം തന്നെയാണ്. ഇന്ത്യന്‍ ടീമിലെ സ്ഥാനം പൂര്‍ണമായി നഷ്ടമായ അദ്ദേഹം ഇപ്പോഴിതാ ജീവിതത്തിലും വലിയൊരു തിരിച്ചടിയുടെ വക്കിലാണ്. ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയുമായി അദ്ദേഹം വിവാഹമോചനത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഇതു സ്ഥിരീകരിക്കുന്ന ചില തെളിവുകളും പുറത്തു വന്നിരിക്കുകയാണ്.
ദേശീയ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കുന്നതായി കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലുള്‍പ്പെടെ ചഹല്‍ കളിച്ചിരുന്നു. അവിടെ ശ്രദ്ധേയമായ പ്രകടനവും താരം നടത്തിയിരുന്നു. ഇവിടെ ആഭ്യന്തര ക്രിക്കറ്റില്‍ ബൗളിങിനൊപ്പം ബാറ്റിങിലും ചില മികച്ച പ്രകടനങ്ങള്‍ താരം നടത്തി. ഈ വര്‍ഷം ദേശീയ ടീമിലേക്കു മടങ്ങിയെത്താമെന്ന ശുഭപ്രതീക്ഷയില്‍ നില്‍ക്കെയാണ് ചഹലിനു ജീവിത പങ്കാളിയെ നഷ്ടമാവാന്‍ പോവുന്നത്.

വിവാഹമോചനം ഉടന്‍?
യുസ്വേന്ദ്ര ചഹലും ധനശ്രീ വര്‍മയും തമ്മിലുള്ള വിവാഹമോചനം അധികം വൈകാതെ തന്നെയുണ്ടാവുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതു ശരിവയ്ക്കുന്ന നിര്‍ണായക തെളിവുകളും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
ചഹലും ധനശ്രീയും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തുവെന്നതാണ് ആദ്യത്തെ തെളിവ്. മറ്റൊന്നാവട്ടെ ധനശ്രീക്കൊപ്പമുള്ള ഇന്‍സ്റ്റഗ്രാമില മുഴുവന്‍ ചിത്രങ്ങളും ചഹല്‍ ഡിലീറ്റ് ചെയ്തുവെന്നതുമാണ്. എന്നാല്‍ ധനശ്രീ പഴയ ചിത്രങ്ങളൊന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഇനിയും നീക്കിയിട്ടില്ല.
ഉറപ്പിച്ച് അടുത്ത വൃത്തങ്ങള്‍
ധനശ്രീ വര്‍മയും യുസ്വേന്ദ്ര ചഹലും വിവാഹ മോചനത്തിന്റെ അരികിലാണെന്നു ഇരുവരുമായും ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് (Times Of India) ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.
വിവാഹമോചനം അനിവാര്യമായി മാറിയിരിക്കുകയാണ്. ഇക്കാര്യം ഒഫീഷ്യലാവുക മാത്രമേ ഇനി വേണ്ടതുള്ളൂ. ഇരുവരും തമ്മില്‍ വേര്‍പിരിയാനുള്ള യഥാര്‍ഥ കാരണമെന്താണെന്നു വ്യക്തമല്ല. എന്നാല്‍ ഈ ജോടികള്‍ വേര്‍പിരിഞ്ഞ് ജീവിതം മുന്നോട്ടു കൊണ്ടു പോവാനുള്ള തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നു അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.
ആദ്യ സൂചന കഴിഞ്ഞ വര്‍ഷം
യുസ്വേന്ദ്ര ചഹലുമായി വേര്‍പിരിയുകയാണെന്ന സൂചന ആദ്യമായി നല്‍കിയത് ധനശ്രീ വര്‍മയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്. നേരത്തേ തന്റെ പേരിനൊപ്പം ചേര്‍ത്തിരുന്ന ചഹലെന്നത് ധനശ്രീ ഒഴിവാക്കിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നു അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
പുതിയ ജീവിതം ലോഡ് ചെയ്യുകയാണെന്നു ചഹല്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ച് തൊട്ടടുത്ത ദിവസം തന്നെയാണ് ധനശ്രീയും പേരില്‍ മാറ്റം വരുത്തിയത്. ഈ സമയത്തു ചഹല്‍ പ്രതികരിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. വിവാഹ മോചന അഭ്യൂങ്ങള്‍ തള്ളിക്കളഞ്ഞ അദ്ദേഹം ഇവയൊന്നും വിശ്വസിക്കുകയോ, പരത്തുകയോ ചെയ്യരുതെന്നും ആരാധകരോടു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

വിവാഹം 2020ല്‍
കൊവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ കാലത്താണ് 2020 ഡിസംബര്‍ 11നു യുസ്വേന്ദ്ര ചഹലും നര്‍ത്തികയും ഡെന്റിസ്റ്റുമായ ധനശ്രീ വര്‍മയും വിവാഹിതരായത്. തങ്ങളുടെ പ്രണയകഥയെക്കുറിച്ച് ഝലക്ക് ദിഖ്‌ലാ ജാ എന്ന ഡാന്‍സ് ഷോയുടെ 11ാം സീസണിന്റെ വേദിയില്‍ ഇരുവരും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ സയത്തു മല്‍സരങ്ങളൊന്നും തന്നെ ഇല്ലാതിരുന്നപ്പോള്‍ ചഹല്‍ നൃത്തം പഠിക്കാന്‍ തീരുമാനിക്കുകയിരുന്നു. ഈ സമയത്തു സോഷ്യല്‍ മീഡിയയില്‍ ധനശ്രീയുടെ നൃത്ത വീഡിയോകള്‍ കണ്ട അദ്ദേഹം അവരെ സമീപിക്കുകയും ചെയ്തു. നൃത്ത വിദ്യാര്‍ഥിയായി എത്തിയ ചഹല്‍ പിന്നീട് ധനശ്രീയുമായി പ്രണയത്തിലാവുകയും ഇതു വിവാഹത്തിലും കലാശിക്കുകയായിരുന്നു.