മുംബൈ: ഏറെ കോളിളക്കമുണ്ടാക്കിയ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതിനെ തുടര്‍ന്നു ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ച ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനു പിന്തുണയുമായി ബോളിവുഡ് സൂപ്പര്‍ താരം വരുണ്‍ ധവാന്‍ രംഗത്ത്. തന്റെ ട്വിറ്റര്‍ പേജിലാണ് സ്മിത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ധവാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തനിക്കും സംഭവിച്ച പിഴവിനെക്കുറിച്ച് സ്മിത്ത് കണ്ണീരോടെ മാപ്പുചോദിക്കുന്ന വീഡിയോ കണ്ടപ്പോള്‍ ഏറെ ദുഖം തോന്നി. ആരാധകര്‍ തീര്‍ച്ചയായും അദ്ദേഹത്തോടു പൊറുക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും വരുണ്‍ കുറിച്ചു.

സ്മിത്ത് വളരെ ദുഖിതനായാണ് വാര്‍ത്താസമ്മേളനത്തില്‍ കാണപ്പെട്ടത്. കൂടുതല്‍ മികച്ച ക്രിക്കറ്റ് താരമായി അദ്ദേഹത്തിന് മടങ്ങിയെത്താന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. മനസ്സിനേറ്റ മുറിവ് ഏതു വിലക്കിനേക്കാളും വലുതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വരുണ്‍ ട്വിറ്ററില്‍ കുറിച്ചു.
വികാരധീനനായി സ്മിത്ത് വാര്‍ത്താസമ്മേളനം നടത്തിയ ശേഷം പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സ്മിത്തിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റും ചേര്‍ന്ന് പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചത്. സ്മിത്തിനൊപ്പം വാര്‍ണറെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്കു വിലക്കിയിരുന്നു. ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്.