അസ്ഹാബാദ്: കൊറോണ ബാധയുടെ വ്യാപനം ശക്തമായി തുടരുന്നസാഹചര്യത്തിലും ഫുട്‌ബോള്‍ മത്സരം പുനരാരംഭിച്ച് തുര്‍ക്കിമിനിസ്ഥാന്‍. ലീഗ് മത്സരമായ യോക്കാരി ലീഗയില്‍ ആല്‍റ്റിന്‍ അസ്യറും കോപ്പിറ്റ്ഡാഗും തമ്മിലുള്ള മത്സരമാണ് നടന്നത്. 2000 കാണികളെ ഉള്‍ക്കൊള്ളാവുന്ന മൈതാനത്ത് ഏകദേശം 500 കാണികളും മത്സരം കാണാനെത്തിയിരുന്നു. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ലോക രാജ്യങ്ങളിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് മധ്യ ഏഷ്യന്‍ രാജ്യമായ തുര്‍ക്കിമിനിസ്ഥാന്‍ ലീഗ് മത്സരങ്ങള്‍ വീണ്ടും പുനരാരംഭിച്ചത്. മാര്‍ച്ച് 20ന് ശേഷം തുര്‍ക്കിമിനിസ്ഥാന്‍ നടത്തുന്ന ആദ്യ ലീഗ് മത്സരമാണിത്.
ഈ മത്സരം 1-1 സമനിലയിലാണ് പിരിഞ്ഞത്. കാണികള്‍ക്ക് സൗജന്യ പ്രവേശനമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. കൊറോണ വ്യാപനം അത്ര ശക്തമായി തുര്‍ക്കിമിനിസ്ഥാനില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ലീഗ് പുനരാരംഭിക്കാന്‍ തീരുമാനമായത്. കണക്കുകള്‍ പ്രകാരം ഒരു കൊറോണ പോസിറ്റീവ് കേസും തുര്‍ക്കിമിനിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എട്ട് ടീമുകള്‍ മാത്രം പങ്കെടുക്കുന്ന ലീഗ് മത്സരം തുടര്‍ന്നുകൊണ്ടുപോകാനാണ് നിലവിലെ രാജ്യത്തിന്റെ തീരുമാനം. മറ്റ് രാജ്യക്കാര്‍ക്ക് താല്‍ക്കാലികമായ പ്രവേശന വിലക്കുള്ളതിനാല്‍ സുരക്ഷാ ഭീഷണിയില്ലെന്നതാണ് ലീഗ് പുനരാരംഭിക്കാന്‍ തുര്‍ക്കിമിനിസ്ഥാനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത്രയും ആളുകള്‍ ഒന്നിച്ച് കൂടുന്നത് നിലവിലെ സാഹചര്യത്തില്‍ സാഹസമാണെന്ന തരത്തിലും അഭിപ്രായം ഉയരുന്നുണ്ട്.

നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ കൊറോണ കൂടുതലായി ബാധിച്ചത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്. സ്‌പെയിനിലും ഇറ്റലിയിലുമെല്ലാം വന്‍ നാശമാണ് കൊറോണമൂലം ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് ഇതിനോടകം മരണം സംഭവിക്കുകയും ചെയ്തു.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടുത്തെ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ ലീഗിലെ സൂപ്പര്‍ ടീമായ യുവന്റസിലെ മൂന്ന് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. യുവന്റസിന്റെ യുവ സൂപ്പര്‍ താരം പൗലോ ഡിബാലയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗം ഭേദമായി.
ആഴ്‌സണല്‍ പരിശീലകനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ലാ ലിഗ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ബാസ്‌ക്കറ്റ് ബോള്‍ ടീം താരങ്ങളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. മുന്‍ റയല്‍ ഫുട്‌ബോള്‍ പ്രസിഡന്റുള്‍പ്പെടെ നിരവധി കായിക താരങ്ങളും ഇതിനോടകം കൊറോണ ബാധിച്ച് മരിച്ചു. നിലവില്‍ ലീഗ് ്മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ്. ലീഗ് പാതിവഴിയില്‍ നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് ക്ലബ്ബുകളെല്ലാം കടന്നുപോകുന്നത്. ഇതിനോടകം താരങ്ങളുടെ പ്രതിഫലത്തില്‍ 30 ശതമാനത്തോളം ക്ലബ്ബുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.
കൊറോണ വ്യാപനം ആരംഭിച്ച ചൈന സാധാരണ നിലയിലേക്കെത്തിയെങ്കിലും സ്‌പെയിനിലും അമേരിക്കയിലും ഇറ്റലിയിലുമെല്ലാം അപകടകരമായ സാഹചര്യം തുടരുകയാണ്. ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ കൊറോണ ബാധിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ക്യാമ്പയിന്‍ നടക്കുന്നുണ്ട്. പ്രശസ്ത താരങ്ങളെല്ലാം ഇതിലേക്ക് വന്‍ തുകയും സംഭാവന ചെയ്തിട്ടുണ്ട്.