അഫ്ഗാനെതിരായ മത്സരത്തില്‍ വഴിത്തിരിവായത് ഹാട്രിക് അല്ല, മറ്റൊന്നാണെന്ന് സച്ചിന്‍
സതാംപ്ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ജയിച്ച് പോയന്റ് ടേബിളില്‍ മുന്നേറാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അഫ്ഗാനെതിരെ തോല്‍വി സംഭവിച്ചിരുന്നെങ്കില്‍ പോയന്റിലെ നഷ്ടം മാത്രമല്ല ടീമിന്റെ വരും മത്സരത്തിലും അത് ബാധിക്കും. മാത്രമല്ല, ടീമിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനത്തിലും അഫ്ഗാനെതിരായ മത്സരം ഫലം ഇടയാക്കിയേനെ.
അഫ്ഗാനെതിരെ അവസാന ഓവറില്‍ ജയിച്ചെങ്കിലും മത്സരത്തില്‍ നിന്നും ഇന്ത്യ ഒട്ടേറെ പഠിക്കാനുണ്ട്. കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയതിന് ഇന്ത്യയ്ക്ക് ന്യായീകരണമില്ല. 250 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാവുന്ന പിച്ചില്‍ 50 റണ്‍സെങ്കിലും പിറകിലായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ബൗളര്‍മാരുടെ അവസരോചിതമായ ഇടപെടല്‍ ഇന്ത്യയെ നാണക്കേടില്‍നിന്നു രക്ഷിച്ചു.

മത്സരത്തിലെ വഴിത്തിരിവ്
മത്സരത്തില്‍ ആദ്യമായി ലോകകപ്പിനിറങ്ങിയ മുഹമ്മദ് ഷമി അവസാന ഓവറില്‍ ഹാട്രിക് നേടിയിരുന്നു. ഇത് കളിയില്‍ നിര്‍ണായകമാവുകയും ചെയ്തു. എന്നാല്‍, ഷമിയുടെ ഹാട്രിക് അല്ല കളിയില്‍ വഴിത്തിരിവായത് എന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിലയിരുത്തല്‍. ലോകകപ്പില്‍ കമന്റേറ്ററായ സച്ചിന്‍ ജസ്പ്രീത് ബുംറയുടെ ഒരോവറിലെ രണ്ടുവിക്കറ്റ് നേട്ടത്തിനാണ് കൈയ്യടി കൊടുക്കുന്നത്.

കളിമാറ്റിമറിച്ചത് ഒരു ഓവര്‍
അഫ്ഗാന്‍ ഇന്നിങ്‌സിന്റെ 29-ാം ഓവര്‍ വരെ മത്സരം അവരുടെ വരുതിയിലായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു. എന്നാല്‍, 29-ാം ഓവറില്‍ ബുംറയുടെ രണ്ടുവിക്കറ്റ് നേട്ടം വഴിത്തിരിവായി. കളി മുഴുവന്‍ മാറ്റിമറിച്ചത് ആ ഓവറാണ്. രണ്ട് വിക്കറ്റ് ഒരുമിച്ചുവീണതോടെ അഫ്ഗാന്‍ സമ്മര്‍ദ്ദത്തിലായി. കൂടുതല്‍ ഡോട്ട് ബോളുകള്‍ പിറന്ന ആ അവസരത്തില്‍ കളി ഇന്ത്യയുടെ കൈയ്യിലെത്തിയെന്നും സച്ചിന്‍ വ്യക്തമാക്കി.

ബുംറ ഇന്ത്യയുടെ തുറുപ്പുചീട്ട്
ബുംറയുടെ ഓവറുകള്‍ എല്ലായിപ്പോഴും ഇന്ത്യയ്ക്ക് നിര്‍ണായകമാണെന്നും സച്ചിന്‍ പറയുന്നുണ്ട്. ഏതെങ്കിലും ബൗളര്‍മാര്‍ക്കെതിരെ എതിര്‍ ബാറ്റ്‌സ്മാന്മാര്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ തിരിച്ചടിക്കാന്‍ മറ്റൊരു ബൗളര്‍ വേണം. ബുംറ ആ ജോലി ഭംഗിയായി നിര്‍വഹിക്കുന്നെന്നും മുന്‍താരം ചൂണ്ടിക്കാട്ടി. മത്സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ ബുംറ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തപ്പോള്‍ അഫ്ഗാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications