മുംബൈ: മുംബൈ ഇന്ത്യന്‍സിനു നാലാം ഐപിഎല്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പേസര്‍ ജസ്പ്രീത് ബുംറയെ വാനോളം പ്രശംസിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നാവോറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് ബുംറ കൊയ്തത്. ത്രില്ലറില്‍ മുംബൈ ഒരു റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്നപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായത് ബുംറയായിരുന്നു. ഫൈനലില്‍ താരത്തിന്റെ പ്രകടനത്തിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കുള്ളത്.

അവിസ്മരണീയമായിരുന്നു ബുംറയുടെ പ്രകടനമെന്ന് മുംബൈയുടെ മുന്‍ താരം കൂടിയായ സച്ചിന്‍ പറഞ്ഞു. യുവരാജ് സിങുമായി മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈയുടെ വിജയത്തിനു പിന്നില്‍ ബുംറ തന്നെയാണെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ 25 കാരനില്‍ നിന്നും ഇതിനേക്കാള്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുംറ എന്തുകൊണ്ടാണ് സ്‌പെഷ്യല്‍ ബൗളറാവുന്നത് എന്ന് സച്ചിന്‍ യുവിയോടു തിരിച്ചു ചോദിക്കുകയും ചെയ്തു. ബുംറയുടെ ബൗളിങ് ആക്ഷന്‍ വളരെ പ്രത്യേകതയുള്ളതാണ്. എത്ര വേഗത്തിലാണ് താരം ബൗള്‍ ചെയ്യുന്നതെന്ന് നമുക്കൊരിക്കലും മനസ്സിലാക്കാന്‍ സാധിക്കില്ല. കരിയറില്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബൗളിങാണ് ബുംറ കാഴ്ചവയ്്ക്കുന്നതെന്നും യുവി വിശദമാക്കി. ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ബൗളര്‍ ബുംറ തന്നെയാണെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു.
ഐപിഎല്‍ ആരവങ്ങള്‍ അവസാനിച്ചതോടെ ഇനി ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയും വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലായിരിക്കും. മേയ് 31നാണ് യുകെയില്‍ ലോകകപ്പിനു തുടക്കമാവുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ കളി. അതിനു മുമ്പ് മെയ് 25ന് ന്യൂസിലാന്‍ഡുമായും 28ന് ബംഗ്ലാദേശുമായും ഓരോ സന്നാഹ മല്‍സരങ്ങള്‍ ഇന്ത്യ കളിക്കുന്നുണ്ട്.