ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നും അവര്‍ക്കു നേരിട്ടുകൊണ്ടിരിക്കുന്നത്. രോഹിത്തിന്റെ ബാല്യകാല കോച്ച് ദിനേശ് ലാഡും യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങും രൂക്ഷമായാണ് ഷമയെ വിമര്‍ശിച്ചിരിക്കുന്നത്.
രോഹിത് അമിത വണ്ണമുള്ള താരമാണെന്നും ഇന്ത്യയുടെ ഏറ്റവും മോശം ക്യാപ്റ്റനാണെന്നുമായിരുന്നു എക്‌സില്‍ അവര്‍ പോസ്റ്റിട്ടത്. വിവാദമായി മാറിയതോടെ ഷമ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് പല ദേശീയ മാധ്യമങ്ങളും അവരോടു ഇതേക്കുറിച്ച് പ്രതികരണം തേടിയെങ്കിലും കൂടുതലായൊന്നും പറയാതെ ഒഴിഞ്ഞു മാറുകയും ചെയ്തു. ഒടുവില്‍ വളരെ വൈകിയാണ് ഷമ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

ഒരു കായിക താരത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള പൊതുവായ ഒരു ട്വീറ്റായിരുന്നു അത്. അതു ബോഡി ഷെയ്മിങ് ആയിരുന്നില്ല. ഒരു കായിക താരം നല്ല ഫിറ്റായിരിക്കണമെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. അദ്ദേഹത്തിനു (രോഹിത് ശര്‍മ) അമിതവണ്ണമുണ്ടെന്നു തോന്നിയതു കാരണമാണ് ഞാന്‍ അതേക്കുറിച്ച് ട്വീറ്റ് ചെയ്തത്.
ഒരു കാരണവുമില്ലാതെ ഇപ്പോള്‍ എന്നെ ആക്രമിക്കുകയാണ്. മുന്‍ ക്യാപ്റ്റന്‍മാരുമായി താരതമ്യം ചെയ്തപ്പോള്‍ ഞാന്‍ ഒരു പ്രസ്താവനയിട്ടു. എനിക്കു അതിനുള്ള അവകാശമുണ്ട്. അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്? ഇതു ജനാധിപത്യമാണെന്നുമാണ് ഷമ ഇതേക്കുറിച്ച് വിശദീകരിച്ചത്.
വിമര്‍ശിച്ച് രോഹിത്തിന്റെ കോച്ച്
ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന കളിക്കാരനും ക്യാപ്റ്റനും കൂടിയായ രോഹിത് ശര്‍മയെക്കുറിച്ച് ഇത്തരം അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ലജ്ജാകരമാണെന്നാണ് ആദ്യകാല കോച്ചായ ദിനേശ് ലാഡ് തുറന്നടിച്ചത്.
രാജ്യത്തിനു വേണ്ടി നന്നായി കളിച്ചുകൊണ്ടിരിക്കുന്ന, ടീമിനെ വളരെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന ഒരു താരത്തിനെതിരേ ഈ തരത്തിലുള്ള കമന്റുകള്‍ പറയുന്നത് ഒരിക്കലും ശരിയല്ല. രാജ്യത്തിന്റെ പ്രതിച്ഛായ കൂടിയാണ് നിങ്ങള്‍ ഇതിലൂടെ തകര്‍ക്കുന്നത്. ഇതു തീര്‍ച്ചയായും ലജ്ജാകരം തന്നെയാണെന്നും ലാഡ് ്‌വ്യക്തമാക്കി.
യോഗ്‌രാജ് സിങും കലിപ്പില്‍
മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛനും മുന്‍ ക്രിക്കറ്ററുമായ യോഗ്‌രാജ് സിങും രൂക്ഷമായാണ് ഷമ മുഹമ്മദിനെ വിമര്‍ശിച്ചത്. താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഷമയോടു രാജ്യം വിട്ടുപോവാന്‍ ആവശ്യപ്പെടുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്കു ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരും ഇവിടെയുള്ള ആളുകളും നാടുമെല്ലാം എനിക്കു സ്വന്തം ജീവിതത്തേക്കാള്‍ പ്രിയപ്പെട്ടവയാണ്. നമ്മുടെ രാജ്യത്തിനു അഭിമാനം കൊണ്ടുവന്നിട്ടുള്ള ഒരു താരത്തെക്കുറിച്ച് രാഷ്ട്രീയ സംവിധാനത്തിലുള്ള ഒരു വ്യക്തി ഈ തരത്തിലുള്ള പ്രസ്താന നടത്തിയാല്‍ ലജ്ജിക്കുക തന്നെ വേണമെന്നും യോഗ്‌രാജ് എഎന്‍ഐയോടു പറഞ്ഞു.
നമ്മുടെ രാജ്യത്തു തുടരാന്‍ തന്നെ അവര്‍ക്കു അവകാശമില്ല. ക്രിക്കറ്റ് നമ്മുടെ മതമാണ്. നമ്മള്‍ ന്യൂസിലാന്‍ഡിനോടും ഓസ്‌ട്രേലിയയോടും നേരത്തേ തോറ്റപ്പോള്‍ രോഹിത്തിനെയും വിരാടിനെയും കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പലരും പറഞ്ഞു. പക്ഷെ നമ്മള്‍ ഈ താരങ്ങളോടൊപ്പം നിന്നു.
എനിക്കു വളരെയധികം ദുഖമാണ് ഇപ്പോള്‍ തോന്നുന്നത്. പാകിസ്താനില്‍ ഈ തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാം. ഞാന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ആയിരുന്നെങ്കില്‍ ബാഗ് പായ്ക്ക് ചെയ്ത് ഉടന്‍ രാജ്യം വിടണമെന്നു അവേരോടു (ഷമ മുഹമ്മദ്) ആവശ്യപ്പെടുമായിരുന്നെന്നും യോഗ്‌രാജ് വ്യക്തമാക്കി.