മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്കായി വീണ്ടും റയല്‍ മാഡ്രിഡ് രംഗത്ത്. ഈ സീസണിന്റെ തുടക്കം മുതല്‍ പോഗ്ബയ്ക്കായി റയല്‍ രംഗത്തെത്തിയിരുന്നെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അനുകൂലമായിരുന്നില്ല പ്രതികരിച്ചിരുന്നത്. ഇപ്പോഴിതാ നാല് സൂപ്പര്‍ താരങ്ങളുടെ ഓഫര്‍ മുന്നോട്ടുവെച്ചാണ് പോഗ്ബയ്ക്കായി റയല്‍ രംഗത്തെത്തിയത്. ഹാമേഷ് റോഡ്രിഗസ്, മാര്ട്ടിന് ഒഡിഗാര്‍ഡ്, ബ്രഹിം ഡിയാസ്, ലൂക്കാസ് വസ്ക്കസ് എന്നിവരെയാണ് പോഗ്ബയ്ക്ക് പകരമായി റയല്‍ വിട്ടുനല്‍കാമെന്ന ഓഫര്‍ നല്‍കിയിരിക്കുന്നത്.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ദി സണ്ണാണ് പുറത്തുവിട്ടത്. അവസാന സീസണില്‍ പരിക്ക് വിടാതെ പിന്തുടര്‍ന്ന പോഗ്ബ എട്ട് മത്സരം മാത്രമാണ് കളിച്ചത്. ഒരു ഗോളുപോലും നേടാന്‍ സാധിച്ചുമില്ല.രണ്ട് അസിസ്റ്റ് മാത്രമാണ് നടത്തിയത്.യുണൈറ്റഡ് പരിശീലകന് സോള്‍ഷെയറിന് കീഴില്‍ പോഗ്ബ തൃപ്തനല്ലെന്ന റിപ്പോര്‍ട്ട് നേരത്തെ മുതല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യുണൈറ്റഡില്‍ തുടരുമെന്ന നിലപാടാണ് പോഗ്ബ സ്വീകരിച്ചത്.
ഔദ്യോഗിക പ്രഖ്യാപനമെത്തി; ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ഡിസംബറില്‍, ആദ്യ മത്സരം ബ്രിസ്ബണില്‍
അതേ സമയം കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. നിരവധി ക്ലബ്ബുകള്‍ നോട്ടമിട്ടിരിക്കുന്നതിന്റെ ഇടയിലും പോഗ്ബ യുണൈറ്റഡിനൊപ്പമാണ് പരിശീലനം നടത്തിയത്. സിദാന്റെ സ്വപ്ന കൈമാറ്റങ്ങളിലൊന്നാണ് പോഗ്ബ.ഇക്കാര്യം നേരത്തെ തന്നെ സിദാന് പങ്കുവെച്ചിരുന്നു. സിദാനെപ്പോലൊരു താരം ടീമിന്റെ നട്ടെല്ലാണെന്ന തരത്തില്‍ സിദാന് പ്രതികരിച്ചിരുന്നു. അതേ സമയം റയലിന് വെല്ലുവിളി ഉയര്‍ത്തി പോഗ്ബയുടെ മുന്‍ ക്ലബ്ബ് യുവന്റസും രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന യുവന്റസിലേക്ക് പോഗ്ബ കൂടിയെത്തിയാല്‍ ടീമിനത് കൂടുതല്‍ കരുത്തേകും.
ബാറ്റുമായി ലാറയുടെ മകന്, ഇത് തന്റെ ചെറുപ്പമെന്ന് സച്ചിന്; ചിത്രങ്ങള്‍ വൈറല്‍
യുണൈറ്റഡിന് കിരീടം നേടാന്‍ സാധിക്കാത്തതില്‍ നിരാശനാണെന്ന് നേരത്തെ തന്നെ പോഗ്ബ സൂചന നല്‍കിയിരുന്നു. ഇത് അദ്ദേഹത്തിന്റെ കൂടുമാറാനുള്ള സാധ്യത ഉയര്‍ത്തുന്നതായാണ് അഭ്യൂഹം. സമീപകാലത്തൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. ജോസ് മൗറീഞ്ഞോയ്ക്ക് പകരമെത്തിയ സോള്‍ഷെയറിനും യുണൈറ്റഡിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചില്ല. ഈ സീസണില്‍ 45 പോയിന്റോടെ അഞ്ചാം സ്ഥാനക്കാരാണ് യുണൈറ്റഡ്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെടുക്കുക നിലവിലെ സാഹചര്യത്തില്‍ യുണൈറ്റഡിന് വെല്ലുവിളിയാണ്.
ബുണ്ടസ്ലീഗ മാത്രമാണ് നിലവില്‍ പുനരാരംഭിച്ചിട്ടുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഇത്തവണയും കിരീടം നിലനിര്‍ത്താനുള്ള സാധ്യതയേറെയാണ്. ലീഗ് പുനരാരംഭിച്ച ശേഷവും മികച്ച പ്രകടനമാണ് ബയേണ്‍ കാഴ്ചവെക്കുന്നത്. ലാലിഗ ജൂണ്‍ 11ന് പുനരാരംഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായികഴിഞ്ഞു. എന്നാല്‍ പ്രീമിയര്‍ ലീഗിലെ കൂടുതല്‍ താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ലീഗ് ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.