ദില്ലി: പുതിയ സീസണിലേക്കുള്ള ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് ലേലത്തിന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലക്ഷങ്ങളുടെ നേട്ടം. ഇന്ത്യയുടെ മുന്‍നിര താരങ്ങളായ പിവി സിന്ധു, സൈന നേവാള്‍, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയി എന്നിവര്‍ക്ക് 80 ലക്ഷം രൂപ വീതമാണ് ലഭിച്ചത്. 80 ലക്ഷം രൂപയാണ് ഒരു താരത്തിന് ലഭിച്ച പരമാവധി തുക. ഇന്ത്യയുടെ മൂന്ന് താരങ്ങളും ഈ തുകയ്ക്ക് വിവിധ ടീമുകളില്‍ അംഗമായി.

ലീഗിലെ നിലവിലെ ചാമ്പ്യനായ ഹൈദരാബാദ് ഹണ്ടേഴ്‌സിന് വേണ്ടിയാണ് പിവി സിന്ധു ഇത്തവണ കളിക്കാനിറങ്ങുക. ആദ്യ റൗണ്ടില്‍ ആരും പരിഗണിക്കാതിരുന്ന സൈന അടുത്ത റൗണ്ടില്‍ നടന്ന ലേലത്തില്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയറിലേക്ക് പോയി. കെ ശ്രീകാന്ത് ബെംഗളുരു റാപ്‌റ്റേഴ്‌സിനും മലയാളി താരം എച്ച് എസ് പ്രണോയ് ദില്ലി ഡാഷേര്‍ഴ്‌സിനുമായാണ് കളിക്കുക.
ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര താരങ്ങള്‍ക്കും 80 ലക്ഷം രൂപ വീതം ലഭിച്ചിട്ടുണ്ട്. സ്‌പെയിനിന്റെ കരോളിന മാരിന്‍, ഡാനിഷ് താരം വിക്ടര്‍ അക്‌സല്‍സന്‍, സൗത്ത് കൊറിയയുടെ സങ് ജി ഹ്യുയിന്‍, ലീ യോങ് ഡിയു എന്നിവരെയും പരമാവധി തുകയ്ക്കാണ് ടീമുകള്‍ ലേലം വിളിച്ചത്. യുവതാരം ലക്ഷ്യ സെന്‍ ഏസസ് പൂണയില്‍ കളിക്കും. 11 ലക്ഷം രൂപയാണ് താരത്തിന്റെ ലേലത്തുക. സൗരഭ് വര്‍മ 16 ലക്ഷം രൂപയ്ക്ക് അഹമ്മദാബാദ് സ്മാഷ് മാസ്റ്റേഴ്‌സിനുവേണ്ടിയാണിറങ്ങുക.
കരോളിന മാരിന്‍ പൂണെയ്ക്കും, സങ് ജി ചെന്നൈ സ്മാഷേഴ്‌സിനും വേണ്ടി കളിക്കും. ലീ യങ് മുംബൈ ടീമിലാണ് എത്തിയത്. ഇന്ത്യയുടെ യുവതാരം സാത്വിക്‌സായ് രാജിനെ അഹമ്മദാബാദ് സ്മാഷ് മാസ്റ്റേഴ്‌സ് 52 ലക്ഷം രൂപയ്ക്ക് ടീമിലെടുത്തു. കൊറിയയുടെ സണ്‍ വാന്‍ ഹോ 70 ലക്ഷത്തിന് അവാധ് വാരിയേഴ്‌സിലും ഡെന്മാര്‍ക്കിന്റെ മാത്തിയാസ് ബോയെ 50 ലക്ഷത്തിന് പൂണെ ടീമിലും കളിക്കും.