Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ക്ലബ്ബിലേക്കു സ്വാഗതം, രാജ്യത്തിന്റെ സ്വപ്‌നം നിറവേറ്റി- നീരജിനെ അഭിനന്ദിച്ച് ബിന്ദ്ര

1

ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണമെഡലുമായി ചരിത്രം കുറിച്ച ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെ അഭിനന്ദിച്ചിരിക്കുകയാണ് മുന്‍ സ്വര്‍ണമെഡല്‍ വിജയിയും ഇതിഹാസ ഷൂട്ടിങ് താരവുമായ അഭിനവ് ബിന്ദ്ര. ഗെയിംസില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ഒരേയൊരു ഇന്ത്യന്‍ അത്‌ലറ്റ് നേരത്തേ ബിന്ദ്രയായിരുന്നു. ഈ നേട്ടത്തിനൊപ്പമാണ് നീരജുമെത്തിയിരിക്കുന്നത്.

ഇന്നു നടന്ന ജാവലിന്‍ ത്രോ ഫൈനലില്‍ കാര്യമായ വെല്ലുവിളിയില്ലാതെയാണ് നീരജ് സ്വര്‍ണത്തിലേക്കു മാര്‍ച്ച് ചെയ്തത്. ആദ്യ ശ്രമത്തില്‍ തന്നെ 87 മീറ്ററിനു മുകളില്‍ ദൂരം കണ്ടെത്തിയ അദ്ദേഹം മെഡല്‍ ഉറപ്പിച്ചിരുന്നു. രണ്ടാമത്തെ ശ്രമത്തില്‍ ഇതു 87.58 മീറ്ററാക്കി മെച്ചപ്പെടുത്തി നീരജ് സ്വര്‍ണത്തില്‍ പിടിമുറുക്കുകയായിരുന്നു. അടുത്ത രണ്ടു ശ്രമങ്ങളും പാളിയെങ്കിലും ഒന്നാംസ്ഥാനമുറപ്പിക്കാന്‍ ആദ്യ രണ്ടു ശ്രമങ്ങള്‍ തന്നെ ഇന്ത്യന്‍ താരത്തിനു ധാരാളമായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ബിന്ദ്ര നീരജിനെ അഭിനന്ദിക്കുകയും താന്‍ മാത്രമുള്ള എലൈറ്റ് ക്ലബ്ബിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തത്.

അതെ, നീരജ് ചോപ്രയ്ക്കു സ്വര്‍ണം ലഭിച്ചിരിക്കുന്നു. യുവാവേ, തല കുമ്പിടുകയാണ്. നിങ്ങള്‍ ഒരു രാജ്യത്തിന്റെ സ്വപ്‌നം സഫലമാക്കിയിരിക്കുന്നു. നന്ദി, ഒപ്പം ക്ലബ്ബിലേക്കു സ്വാഗതം ചെയ്യുന്നു. ഈ ക്ലബ്ബിലേക്കു ആവശ്യമായ കൂട്ടിച്ചേര്‍ക്കലാണിത്. വളരേറെ അഭിമാനം, നിങ്ങളെക്കുറിച്ച് അതിയായ സന്തോഷമുണ്ട് എന്നായിരുന്നു ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചത്.

2008ല്‍ ചൈനയിലെ ബെയ്ജിങില്‍ നടന്ന ഒളിംപിക്‌സിലായിരുന്നു ബിന്ദ്ര സ്വര്‍ണത്തിലേക്കു വെടിയുതിര്‍ത്തത്. 19 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു ഇത്. അതിനു മുമ്പ് മറ്റൊരു ഇന്ത്യന്‍ താരവും ഗെയിംസില്‍ വ്യക്തിഗത ഇനത്തില്‍ പൊന്നണിഞ്ഞിരുന്നില്ല. ഈ കാത്തിരിപ്പ് കൂടിയായിരുന്നു ബിന്ദ്ര അവസാനിപ്പിച്ചത്.

നേരത്തേ യോഗ്യതാ റൗണ്ടില്‍ മികച്ച രണ്ടാമത്തെ ദൂരം കുറിച്ചായിരുന്നു നീരജ് ഫൈനലിലേക്കു യോഗ്യത നേടിയത്. അന്നു നിര്‍ത്തിയ ഇടത്തു നിന്നു തന്നെ ഫൈനലില്‍ അദ്ദേഹം തുടങ്ങുകയും ചെയ്തു. ആദ്യ ശ്രമത്തില്‍ എറിഞ്ഞത് 87.03 മീറ്ററായിരുന്നു. രണ്ടാമത്തെ ശ്രമത്തില്‍ ഇതു ഒന്നുകൂടി മെച്ചപ്പെടുത്തിയ നീരജ് 87.58 മീറ്ററാക്കി. മൂന്നാം ശ്രമത്തില്‍ പക്ഷെ ഇതു 76.79 മീറ്ററിലേക്കു ഇടിഞ്ഞു. നാലാം ശ്രമത്തിലാവട്ടെ 84.24 മീറ്ററായിരുന്നു നീരജിന്റെ ദൂരം. അഞ്ചാമത്തെ ത്രോ ഫൗളില്‍ കലാശിക്കുകയും ചെയ്തു പക്ഷെ നീരജിന്റെ ആദ്യ രണ്ടു ശ്രമങ്ങളെ തോല്‍പ്പിക്കുന്ന ഒരു പ്രകടനം പോലും മറ്റു താരങ്ങളില്‍ നിന്നുണ്ടായില്ല. ഇതോടെ അദ്ദേഹം ഇന്ത്യയുടെ വീരനായകനായി മാറുകയും ചെയ്തു.

Story first published: Saturday, August 7, 2021, 23:12 [IST]
Other articles published on Aug 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+