പാരീസ്: കളിക്കളത്തിലെ അഭിനയത്തിന്റെ പേരില്‍ സമീപകാലത്ത് സോഷ്യല്‍ മീഡിയയുടെ പരിഹാസം ഏറ്റുവാങ്ങിയ താരമാണ് ബ്രസീല്‍ താരം നെയ്മര്‍. എന്നാല്‍ ജാഡകളൊട്ടുമില്ലാത്ത കളിക്കാരനാണ് നെയ്മറെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് താരം. പിഎസ്ജിക്കുവേണ്ടി കളിക്കുന്നതിനിടയില്‍ ഇഷ്ടതാരമായ തന്റെ അരികിലേക്ക് ഓടിക്കയറിയ കുട്ടിക്ക് നെയ്മര്‍ സ്വന്തം ജഴ്സിതന്നെ ഊരിക്കൊടുക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.
റെന്നിസിനെതിരായ മത്സരത്തില്‍ പിഎസ്ജി 3-1 എന്ന നിലയില്‍ ജയിച്ചിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ നെയ്മര്‍ക്ക് പകരം ക്രിസ്റ്റഫര്‍ എന്‍കുങ്കുവിനെ മൈതാനത്തിറക്കുമ്പോഴായിരുന്നു കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്. നെയ്മറോട് ജഴ്സി ആവശ്യപ്പെട്ട് കരഞ്ഞ കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് പോകുന്നതിനിടെ താരം അരികിലെത്തി ജഴ്സി ഊരി നല്കി. നെയ്മറുടെ പ്രവര്‍ത്തി സ്റ്റേഡിയത്തിലെ കാണികളുടെ കൈയ്യടിനേടിക്കൊടുക്കുകയും ചെയ്തു.
മത്സരത്തില്‍ നെയ്മര്‍ക്ക് ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൗണ്ടിലേക്ക് കാണികള്‍ ഓടിക്കയറുന്നതിനെ സാധാരണ രീതിയില്‍ ക്ലബ്ബുകള്‍ പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും കുട്ടിയോടുള്ള നെയ്മറുടെ വാത്സല്യത്തിന്റെ വീഡിയോ പിന്നീട് പിഎസ്ജ് ട്വീറ്റ് ചെയ്തു. കുട്ടിക്ക് ജഴ്സി നല്‍കിയതില്‍ വളരെയധികം സന്തോഷിക്കുന്നതായി നെയ്മര്‍ പറഞ്ഞു. എതിര് തട്ടകത്തില്‍ കളിക്കുന്നതും ഓടിവന്നത് കുട്ടിയാണെന്നതും തന്നെ അതിന് പ്രേരിപ്പിച്ചതായി നെയ്മര്‍ വ്യക്തമാക്കി.