For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞാന്‍ മരിച്ചിട്ടില്ല!- വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഗുസ്തി താരം നിഷ ദഹിയ

സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വച്ചായിരുന്നു സംഭവമെന്നായിരുന്നു റിപ്പോര്‍ട്ട്

1

താനും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ വനിതാ ഗുസ്തി താരം നിഷ ദഹിയ. നിഷയും സഹോദരന്‍ സൂരജും ഹരിയാനയിലെ സോനപതിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടുവെന്നും അമ്മ ധന്‍പതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്നുമായിരുന്നു വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത കായിക ലോകത്തെ നടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വന്ന് മണിക്കൂറുകള്‍ക്കകം താന്‍ ജീവനോടെയുണ്ടെന്നറിയിച്ച് നിഷ സ്വയം രംഗത്തു വരികയായിരുന്നു. ഒളിംപ്യനും ഗുസ്തി താരവുമായ സാക്ഷി മാലിക്കിനൊപ്പമുള്ള വീഡിയോയിലൂടെയാണ് താരം വാര്‍ത്തകള്‍ തള്ളിയത്.

ഞാന്‍ ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ പോവുകയാണ്. എനിക്കു കുഴപ്പമൊന്നുമില്ല, കൊല്ലപ്പെട്ടുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ പുറത്തുവിട്ട വീഡിയോയില്‍ നിഷ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍ 23 ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ 65 കിഗ്രാം വിഭാഗത്തില്‍ നിഷ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നിഷയടക്കമുള്ള താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ബെല്‍ഗ്രേഡില്‍ നടന്ന ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയ ശിവാനി, അഞ്ജു, ദിവ്യ, രാധിക, നിഷ എന്നിവര്‍ക്കു അഭിനന്ദനങ്ങള്‍. ഇവരുടെ പ്രകടനങ്ങള്‍ സ്‌പെഷ്യലാണ്. ഇന്ത്യയിലുടനീളം ഗുസ്തി കൂടുതല്‍ ജനപ്രിയമാക്കുന്നതിനു സഹായിക്കുമെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

2014ല്‍ ശ്രീനഗറില്‍ നടന്ന കാഡെറ്റ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയതോടെയാണ് നിഷ ശ്രദ്ധിക്കപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷവും താരം ഈ നേട്ടം ആവര്‍ത്തിക്കുകയും ചെയ്തു. 2014ല്‍ തന്നെയാണ് നിഷ ആദ്യത്തെ അന്താരാഷ്ട്ര മെഡല്‍ കരസ്ഥമാക്കിയത്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 49 കിഗ്രാം വിഭാഗത്തില്‍ താരം വെങ്കലം നേടുകയായിരുന്നു. 2015ല്‍ 60 കിഗ്രാമില്‍ വെള്ളിയും നിഷ സ്വന്തമാക്കി. 2015ലെ ദേശീയ ചാംപ്യന്‍ഷിപ്പില്‍ വെങ്കലവുംതാരത്തിനു ലഭിച്ചിരുന്നു.

ഈ മെഡലിനു ശേഷം ഉത്തേജക പരിശോധനയില്‍ നിഷ പരാജയപ്പെട്ടിരുന്നു. 2016ല്‍ ലോക ആന്റി ഡോപ്പിങ് ഏജന്‍സി വിലക്കിയ മെല്‍ഡോണിയം താരം ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നു നിഷയ്ക്കു നാലു വര്‍ഷത്തെ വിലക്കും നേരിടേണ്ടി വന്നു. റഷ്യയുടെ വനിതാ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയും ഇതേ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കുരുക്കിലായത്.

കാഡെറ്റ് മെഡലുകളും ദേശീയ ചാംപ്യന്‍ഷിപ്പിലെ മെഡലുകളും നേടിയതിന്റെ പേരില്‍ നിഷയ്ക്കു റെയില്‍വേയില്‍ ജോലി ലഭിക്കേണ്ടതായിരുന്നു. പക്ഷെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെടുകയും വിലക്ക് നേരിടേണ്ടി വരികയും ചെയ്തതോടെ ജോലി ലഭിച്ചില്ല. വിലക്കിനു ശേഷം 2019ല്‍ നിഷ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. ജലന്ധറില്‍ നടന്ന അണ്ടര്‍ 23 ദേശീയ ചാംപ്യഷിപ്പില്‍ സ്വര്‍ണം നേടിയായിരുന്നു താരത്തിന്റെ ഗംഭീര മടങ്ങിവരവ്. വിലക്ക് നേരിട്ട സമയങ്ങളില്‍ ഗുസ്തി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പോലും നിഷ ചിന്തിച്ചിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കളുടെ പ്രേരണയെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കില്‍ നിന്നും മികച്ച പിന്തുണയായിരുന്നു ഈ സമയങ്ങളില്‍ നിഷയ്ക്കു ലഭിച്ചത്. റോത്തക്കില്‍ വച്ച് സാക്ഷിക്കൊപ്പം പരിശീലനം നടത്താനും ദേശീയ ക്യാംപുകളില്‍ പങ്കെടുക്കാനും താരത്തിനു സാധിക്കുകയും ചെയ്തു.

Story first published: Wednesday, November 10, 2021, 19:41 [IST]
Other articles published on Nov 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+