ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.അവസാന സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് ഇത്തവണയെങ്കിലും കരകയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. ജോസ് മൗറീഞ്ഞോയ്ക്ക് പകരമെത്തിയ ഒലെ ഗണ്ണര്‍ സോള്‍ഷെയറിന് ടീമിനെ ഒത്തിണക്കമുള്ള മികച്ച ടീമായി വാര്‍ത്തെടുക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ടീമിനുള്ളില്‍ വലിയ അഴിച്ചുപണിക്കുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡ് മാനേജ്‌മെന്റ്.സോള്‍ഷെയറിനെ മാറ്റി പുതിയ പരിശീലകനെ നിയമിക്കാന്‍ ക്ലബ്ബ് തയ്യാറെടുക്കുന്നതായുള്ള വിവരം സണ്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
നിലവിലെ സാഹചര്യത്തില്‍ ടോട്ടനം പരിശീലകന്‍ മൗറീസ്യോ പൊച്ചറ്റീനോ യുണൈറ്റഡ് പരിശീലകനാവുമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ടോട്ടനം വിടാന്‍ സന്നദ്ധത അറിയിച്ച പൊച്ചറ്റീനോ റെഡ് ഡെവിള്‍സിനെ കളി പഠിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും വാര്‍ത്തകളുണ്ട്.

ഈ സീസണിലെ പ്രീമിയര്‍ ലീഗില്‍ ആറ് മത്സരം കളിച്ച യുണൈറ്റഡിന് ഒരു മത്സരം മാത്രമാണ് ജയിക്കാനായത്.ദുര്‍ബലരായ വെസ്റ്റ്ഹാമിനോടും ക്രിസ്റ്റല്‍പാലസിനോടും തലകുനിക്കേണ്ടി വന്നതും യുണൈറ്റഡിന് നാണക്കേടുണ്ടാക്കി. റോമലു ലുക്കാക്കുവും അലക്‌സീസ് സാഞ്ചസും ടീം വിട്ടതിന് ശേഷം ഉത്തമ പകരക്കാരനെ കണ്ടെത്താന്‍ യുണൈറ്റഡിന് സാധിച്ചിട്ടില്ല. മധ്യനിരയില്‍ പോള്‍ പോഗ്ബയുടെ മോശം ഫോമും പരിക്കുമെല്ലാം യുണൈറ്റഡിന്റെ ആത്മവിശ്വാസം കെടുത്തുന്നു. എന്തായാലും സോള്‍ഷെയറിന്റെ കസേര ഉടന്‍ തന്നെ തെറിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.