ലണ്ടന്‍: ലിവര്‍പൂളിന്റെ സെനഗല്‍താരം സാദിയോ മാനെയെ ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു. രാജ്യത്തിനായും ക്ലബ്ബിനായും നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മാനെയെ 2019ലെ മികച്ച താരമായി തെരഞ്ഞെടുത്തത്. ലിവര്‍പൂള്‍ സഹതാരം ഈജിപ്തിന്റെ മുഹമ്മദ് സലയേയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹറസിനേയും മാനെ പിന്നിലാക്കി. സലായായിരുന്നു കഴിഞ്ഞ 2 വര്‍ഷങ്ങളിലും പുരസ്കാര ജേതാവ്.
എല്‍ ഹാജി ദിയൂഫാണ് നേരത്തെ ആഫ്രിക്കന്‍ ഫുട്ബോളര് പുരസ്കാരം നേടിയിട്ടുള്ള സെനഗല്‍ താരം. 2018-19 വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയവ മാനെയുടെ മികവില്‍ ലിവര്‍പൂള്‍ സ്വന്തമാക്കിയിരുന്നു. ആഫ്രിക്കന്‍ നേഷന്‍ കപ്പില്‍ സെനഗലിനെ ഫൈനലില്‍ എത്തിക്കുന്നതിലും മാനെ നിര്‍ണായക പങ്കു വഹിച്ചു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അത്ഭുതക്കുതിപ്പിന് പിന്നിലും മാനെയുടെ പ്രകടനമുണ്ട്.
ഇംഗ്ലീഷ് ലീഗ് കപ്പ്; ആദ്യപാദ സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് സിറ്റി
2019ല്‍ 36 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍നിന്നും മാനെ 24 ഗോളുകള്‍ നേടിയിട്ടുണ്ട്. ഗോളടിക്കാനായി ആറുതവണ സഹായവും നല്കി. 34 കളികളില്‍ 18 ഗോളുകളും അഞ്ച് ഗോള്സഹായവുമാണ് സലയുടെ അക്കൗണ്ടിലുള്ളത്. 24 തവണ കളത്തിലിറങ്ങിയ മെഹറസ് ഏഴ് ഗോളടിച്ചപ്പോള്‍ ഏഴ് ഗോള്സഹായവും നല്കി. സലയും മാനെയും മെഹ്റസും ആഫ്രിക്കന്‍ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. അള്‍ജീരിയയുടെ ഡിയമേല് ബെല്മാണ്ടിയാണ് ആഫ്രിക്കയിലെ മികച്ച പരിശീകന്.