ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പ്രണയ ജോടികളെന്നറിയപ്പെടുന്നവരാണ് ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയും. ഇരുവരെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ഇപ്പോള്‍ വളരെ സജീവമാണ്. പക്ഷെ ഗില്ലും സാറയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. മാത്രമല്ല ഗോസിപ്പുകളോടെല്ലാം രണ്ടു പേരും മൗനം പാലിക്കുകയുമാണ്.
എന്നാല്‍ ഇപ്പോഴിതാ ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്നു ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പുതിയൊരു ഫോട്ടോയില്‍ ഇതിന്റെ വ്യക്തമായ തെളിവുണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍. നാലു വര്‍ഷത്തിലേറെയായി ഗില്ലും സാറയയും അടുപ്പത്തിലാണെന്നാണ് സൂചനകള്‍.

പക്ഷെ ഇതുവരെ ഇരുവരും ഒരുമിച്ച് എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ രണ്ടു പേരും തമ്മിലുള്ള ചില ആശയവിനിമയങ്ങള്‍ ഇതു ശരിവയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ ഗില്ലും സാറയും പ്രണയത്തിലാണെന്നതിനു വ്യക്തമായ ഒരു തെളിവ് നേരത്തേ ലഭിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതു ലഭിച്ചിരിക്കുകയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
സാറയുടെ പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിന്റെ ഏറ്റവും വലിയ തെളിലായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള മനോഹരമായ വസ്ത്രമണിഞ്ഞ് തന്റെ വളര്‍ത്തുനായക്ക് അരികെ നില്‍ക്കുന്ന ഫോട്ടോയാണ് സാറ ആരാധകരുമായി പങ്കുവച്ചത്.
ഈ ഫോട്ടോയില്‍ ആദ്യം പലര്‍ക്കും അത്ര കൗതുകമൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീടാണ് ഈ വളര്‍ത്തു നായക്കു ഗില്ലിന്റെ പക്കലുള്ള വളര്‍ത്തു നായയുമായി വളരെയധികം സാമ്യമുണ്ടെന്നു ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ സാറയുടെ ഫോട്ടോ വൈറലാവുകയും ചെയ്തു.
നേരത്തേ വളര്‍ത്തുനായക്കൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ ഗില്‍ പങ്കുവച്ചിരുന്നു. ഇരുവരുടെയും വളര്‍ത്തുനായ്ക്കള്‍ ഒരേ ഇനത്തില്‍ ഉള്‍പ്പെട്ടതാണെന്നും ഗില്ലും സാറയും പ്രണയത്തിലാണെന്ന് ഉറപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു തെളിവ് ഇനി ആവശ്യമില്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
2020ലായിരുന്നു ഗില്ലിനെയും സാറയയും ചേര്‍ത്ത് ആദ്യമായി ഗോസിപ്പുകള്‍ വരുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഒരു കമന്റായിരുന്നു ഇതിനു വഴിയൊരുക്കിയത്. അതിനു ശേഷം ഗില്ലിന്റെയും സാറയുടെയും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ആരാധകര്‍ സൂക്ഷ്മമായി വിലയിരുത്തുകയും പലതിലും ചില സാമ്യതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

മാത്രമല്ല അടുത്തിടെയായി ഇന്ത്യന്‍ ടീമിന്റെ ചില മല്‍സരങ്ങള്‍ കാണാന്‍ സാറ സ്റ്റേഡിയത്തില്‍ എത്തിയത് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലടക്കം ഗില്‍ ഇന്ത്യക്കായി കളിച്ചപ്പോള്‍ വേദിയില്‍ സാറയുമുണ്ടായിരുന്നു.
അതിനിടെ പ്രമുഖ ബോളിവുഡ് നടി സാറാ അലിഖാനോടൊപ്പമുള്ള ഗില്ലിന്റെ ചില ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ഇവര്‍ തമ്മിലാണോ അടുപ്പമെന്നു പലരും സംശയിക്കുകയും ചെയ്തു. എന്നാല്‍ പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹറുടെ ഒരു ഷോയില്‍ അതിഥിയായി വന്നപ്പോള്‍ ഗില്ലുമായുള്ള ഗോസിപ്പുകള്‍ സാറ തള്ളിക്കളയുകയായിരുന്നു. നിങ്ങളുദ്ദേശിക്കുന്ന സാറ താനല്ലെന്നായിരുന്നു അവര്‍ പറഞ്ഞത്.
ഇതോടെയാണ് ഗില്ലും സാറ ടെണ്ടുല്‍ക്കറും തമ്മിലുള്ള അടുപ്പം ആരാധകര്‍ ഉറപ്പിച്ചത്. സാറയുമായുള്ള ഗോസിപ്പുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണെങ്കിലും കളിക്കളത്തില്‍ മികച്ച പ്രകടമാണ് ഗില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇംഗ്ലണ്ടുമായി ധരംശാലയില്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറി കണ്ടെത്തിയിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഗില്‍ 110 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. ഈ പരമ്പരയില്‍ താരത്തിന്റെ രണ്ടാമത്തെ സെഞ്ച്വറി നേട്ടം കൂടിയാണിത്.