മുംബൈ: കൊറോണവൈറസിനെതിരേ രാജ്യം നടത്തുന്ന പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും. 80 ലക്ഷം രൂപയാണ് ഹിറ്റ്മാന്‍ സംഭാവനയായി നല്‍കിയത്. ഇന്ത്യയില്‍ ഒരു കായിക താരം ഇതുവരെ സംഭാവന ചെയ്ത ഏറ്റവുമുയര്‍ന്ന തുക കൂടിയാണിത്. നേരത്തേ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും 50 ലക്ഷം വീതം സംഭാവന ചെയ്തിരുന്നു. ഇവരെയാണ് രോഹിത് പിന്നിലാക്കിയിരിക്കുന്നത്.

ഒരേ ദുരിതാശ്വാസ നിധിയിലേക്കില്ല, മറിച്ച് വ്യത്യസ്ത ഫണ്ടുകളിലേക്കാണ് രോഹിത് 80 ലക്ഷം സംഭാവന ചെയ്തിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. നമുക്ക് നമ്മുടെ രാജ്യത്തെ പഴയതു പോലെയാക്കി മാറ്റിയെടുക്കണം. അതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 45 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും ഫീഡിങ് ഇന്ത്യ, തെരുവുനായ്ക്കളുടെ ക്ഷേമം എന്നിവയ്ക്കായി അഞ്ചു ലക്ഷം രൂപ വീതവും താന്‍ സംഭാവന ചെയ്തിരിക്കുകയാണ്. നേതാക്കള്‍ക്കു പിന്നില്‍ നമുക്ക് അണിരക്കാം, അവരെ പിന്തുണയ്ക്കാമെന്നും രോഹിത് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യയും പ്രമുഖ ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയും പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവരുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുമെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുക എത്രയായിരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. നമുക്ക് ചുറ്റും കഷ്ടപ്പാടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളുകളെ കാണുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങള്‍ നല്‍കുന്ന സംഭാവന ഏതെങ്കിലും തരത്തില്‍ നമ്മുടെ നാട്ടുകാരുടെ വേദനയകറ്റാന്‍ സഹായിക്കുമെന്നാണ് കരുതുന്നുവെന്നായിരുന്നു കോലി ട്വീറ്റ് ചെയ്തത്. പല കായിക താരങ്ങളും സഹായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും നേരത്തേ ഇതിനു തയ്യാറാവാതിരുന്നതിന്റെ പേരില്‍ കോലി വലിയ വിമര്‍ശനങ്ങളേങ്ങു വാങ്ങിയിരുന്നു.
കോലിയെക്കൂടാതെ മുന്‍ നായകന്‍ എംഎസ് ധോണിയാണ് വിമര്‍ശനങ്ങള്‍ നേരിട്ട മറ്റൊരു താരം. നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ധോണി നേരത്തേ ഒരു ലക്ഷം രൂപ സംഭാവന ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 800 കോടി രൂപയോളം ആസ്തിയുണ്ടായിട്ടും ഇത്രയും തുച്ഛമായ തുക മാത്രം സംഭാവന ചെയ്തതാണ് പലരെയും ചൊടിപ്പിച്ചത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ അവര്‍ ധോണിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.