ബാങ്കോക്ക്: ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാനപ്പെട്ട ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പായ തായ്ലാന്ഡ് ഓപ്പണിനു മുമ്പ് ഇന്ത്യക്കു വന്‍ തിരിച്ചടി. കിരീട പ്രതീക്ഷകളിലൊന്നായിരുന്ന സൈന നെഹ്വാളിനും മലയാളി താരം എച്ച് എസ് പ്രണോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നു ഇരുവരും ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുകയും ചെയ്തിരിക്കുകയാണ്. കൂടുതല്‍ പരിശോധനകള്‍ക്കും ചികില്‍സയ്ക്കുമായി രണ്ടു പേരെയും തായ്ലാന്‍ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൈനയോടൊപ്പമുണ്ടായിരുന്ന ഭര്‍ത്താവും പ്രമുഖ ബാഡ്മിന്റണ്‍ താരവുമായ പി കശ്യപിനെ ക്വാറന്റീനിലേക്കു മാറ്റുരകയും കൂടുതല്‍ ടെസ്റ്റുകള്‍ക്കു വേണ്ടി ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. താരത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. എങ്കിലും സൈനയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളതിനാല്‍ കശ്യപിനോടു ടൂര്‍ണമെന്റില്‍ നിന്നും പിന്മാറാന് ആവശ്യപ്പെട്ടിരിക്കുകയാണ്.
സൈനയ്ക്കു ഇതു രണ്ടാം തവണയാണ് കൊവിഡ് പിടിപെടുന്നത്. ഡിസംബര്‍ അവസാന വാരമായിരുന്നു സൈനയും കശ്യപും കൊവിഡില്‍ നിന്നും മുക്തരായത്. നേരത്തേ ബാഡ്മിന്റണ്‍ താരമായ ആര്‍എംവി ഗുരു സായ്ദത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു രണ്ടു പേര്‍ക്കും കൊവിഡ് പിടിപെട്ടത്. ഇതില്‍ നിന്നും മോചിതയായി മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയായിരുന്നു സൈന. കൊവിഡ് മഹാമാരിക്കു ശേഷം താരം മല്‍സരിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയായിരുന്നു തായ്ലാന്ഡ് ഓപ്പണ്‍.
തായ്ലാന്‍ഡിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈന നേരത്തേ തന്നെ ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയിരുന്നു. ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയ്ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ജപ്പാന് അവസാന നിമിഷം ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയിരുന്നു. സൈന, പ്രണോയ്, കശ്യപ് ഒഴികെ ഇന്ത്യന്‍ സംഘത്തിലെ മറ്റു താരങ്ങള്‍ തായ്ലാന്ഡ് ഓപ്പണില്‍ പങ്കെടുക്കും.