ബെംഗളൂരു: വളര്‍ത്തുനായയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മയും. കോലിയുടെ വളര്‍ത്തുനായ ബ്രൂണോയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സമൂഹമാധ്യമത്തിലൂടെ വികാരനിര്‍ഭരമായ കുറിപ്പോടെയാണ് കോലി ഈ വിവരം ലോകത്തെ അറിയിച്ചത്.
സമാധാനത്തോടെ ഉറങ്ങൂ ബ്രൂണോ. 11 വര്‍ഷം സ്‌നേഹം നല്‍കി ഞങ്ങളെ അനുഗ്രഹിച്ച നീ ആജീവനാന്ത കാലത്തെ ബന്ധമാണുണ്ടാക്കിയത്. ഇന്നു നീ കൂടുതല്‍ നല്ലൊരു ഇടത്തേക്കാണ് യാത്രയായത്. അവന്റെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ബ്രൂണോയുടെ ഫോട്ടോയോടൊപ്പം കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സമൂഹമാധ്യമങ്ങളില്‍ നേരത്തേ പല തവണ ബ്രൂണോയ്‌ക്കൊപ്പമുള്ള ഫോട്ടോ കോലി ആരാധകരുമായി പങ്കു വച്ചിരുന്നു. കോലിയുടെയും അനുഷ്‌കയുടെയും മിക്ക ഫോട്ടോകളിലും ബ്രൂണോയുടെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആരാധകര്‍ക്കിടയിലും പ്രിയങ്കരനായിരുന്നു ബ്രൂണോ. വളര്‍ത്തു ജീവികളോടുള്ള കോലിയുടെ സ്‌നേഹം നേരത്തേ തന്നേ വളരെ പ്രശസ്തമാണ്. ബെംഗളൂരുവിലെ ചാര്‍ളീസ് ആനിമല്‍ റെസ്‌ക്യു സെന്ററില്‍ (കെയര്‍) നിന്നും അടുത്തിടെ 15 തെരുവുനായ്ക്കളെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദത്തെടുത്തിരുന്നു.

കോലിയെക്കൂടാതെ അനുഷ്‌കയും ബ്രൂണോയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. കോലിക്കും ബ്രൂണോയ്ക്കുമൊപ്പമുള്ള ഫോട്ടോയോടൊപ്പമായിരുന്നു അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കോലിയെപ്പോലെ തന്നെ അനുഷ്‌കയ്ക്കും നായ്ക്കളോട് വലിയ പ്രിയമാണ്. ലാബ്രഡോര്‍, ഡ്യൂഡ് എന്നീ വര്‍ഗത്തില്‍പ്പെട്ട രണ്ടു വളര്‍ത്തു നായകള്‍ ഇപ്പോള്‍ അനുഷ്‌കയ്ക്കുണ്ട്.