സെലിബ്രിറ്റി ദമ്പതികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും മകള്‍ക്കു പേരിട്ടു. വാമികയെന്നാണ് പേരെന്നു അനുഷ്‌കയാണ് തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. കോലിയോടൊപ്പം മകളെ താലോലിക്കുന്ന ഫോട്ടോയും അനുഷ്‌ക ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഞങ്ങള്‍ പരസ്പര സ്‌നേഹത്തോടെയും നന്ദിയോടെയും ഒരുമിച്ച് ജീവിച്ചു, എന്നാല്‍ കൊച്ചു വാമിക ഇവയെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോയി. കണ്ണുനീര്‍, ചിരി, വിഷമം, ആനന്ദം- ചില സമയങ്ങളില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഈ വികാരങ്ങളെല്ലാം ഒരുമിച്ച് അനുഭവിച്ചു. ഉറക്കം അവ്യക്തമാണ്, പക്ഷെ ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഊര്‍ജത്തിനും നന്ദിയെന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കഴിഞ്ഞ മാസം 11നായിരുന്നു 'വിരുഷ്‌കയെന്നു' ആരാധകര്‍ വിളിക്കുന്ന കോലി- അനുഷ്‌ക ദമ്പതികള്‍ക്കു മകള്‍ പിറന്നത്. എന്നാല്‍ ഇപ്പോഴാണ് മകളുടെ പേരും ചിത്രവും ഇരുവരും പുറത്തുവിട്ടിരിക്കുന്നത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവില്‍ 2017ാലായിരുന്നു കോലിയും അനുഷ്‌കയും വിവാഹിതരായത്. ഇറ്റലിയില്‍ വച്ചു നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു മിന്നുകെട്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു പുതിയൊരാള്‍ കൂടി തങ്ങളുടെ ജീവിതത്തിലേക്കു ജനുവരിയില്‍ വരുന്ന സന്തോഷം കോലി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇതേ തുടര്‍ന്നു ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങാന്‍ അദ്ദേഹം ബിസിസിഐയുടെ അനുവാദം തേടുകയും ചെയ്തിരുന്നു. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടു ദയനീയ തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ നാട്ടിലേക്കു മടങ്ങിയ കോലിയുടെ തീരുമാനത്തിനെതിരേ സമ്മിശ്ര പ്രതികരണമാണുണ്ടായത്. ടീം ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ ക്യാപ്റ്റനായ കോലി നാട്ടിലേക്കു മടങ്ങിയത് ശരിയായില്ലെന്നു ചില മുന്‍ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു.
നിലവില്‍ ഇംഗ്ലണ്ടിനെതിരേ ഈ മാസം നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുകയാണ് കോലി. ഫെബ്രുവരി അഞ്ചിനു ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും കോലിക്കു നേടാനായിരുന്നില്ല. ക്രിക്കറ്റില്‍ അരങ്ങേറിയ വര്‍ഷത്തിനു ശേഷം കരിയറില്‍ ആദ്യമായാണ് അദ്ദേഹത്തിനു ഇത്തരമൊരു തിരിച്ചടി നേരിട്ടത്. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയില്‍ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോലി.