ഇന്ത്യന്‍ 'ടാറ്റുമാന്‍', കോലിയുടെ ദേഹത്തുള്ളത് 11 ടാറ്റുകള്‍!- ഏതൊക്കെയെന്നറിയാം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി വിശേഷിപ്പിക്കപ്പെടുന്നത്. കളിക്കളത്തിലെ അഗ്രസീവായ പെരുമാറ്റത്തിലൂടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറിയ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. കളത്തിനു പുറത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം എല്ലാവരുടെയും പ്രചോദനവും അഭിമാനവുമായി മാറിയിട്ടുണ്ട്.
അദ്ഭുതപ്പെടുത്തുന്ന ഫിറ്റ്‌നസ് കൊണ്ടും കോലി വിസ്മയിപ്പിച്ചിട്ടുണ്ട്. പല ക്രിക്കറ്റര്‍മാരും ഫിറ്റ്‌നസില്‍ മാതൃകയാക്കുന്നതും അദ്ദേഹത്തെയാണ്. ഇവ കൊണ്ടും തീരുന്നില്ല കോലിയെക്കുറിച്ചുള്ള വിശേഷണങ്ങള്‍. ടാറ്റൂസ് പ്രേമവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നു. കോലിയുടെ ശരീരത്തില്‍ പല ഭാഗങ്ങളിലായി 11 ടാറ്റൂകളുണ്ട്. ഇവ ഏതൊക്കെയാണെന്നും അതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്നും വിശദമായി അറിയാം.

'ദൈവത്തിന്റെ കണ്ണ്'
ദൈവത്തിന്റെ കണ്ണിനെ സൂചിപ്പിക്കുന്ന ഒരു ടാറ്റു കോലിയുടെ ഇടതു തോളിലുണ്ട്. വൃത്താകൃതിയിലുള്ള ഇതു കണ്ണുമായി സാമ്യമുള്ളതാണ്. സംഭവിക്കുന്നതെല്ലാം ദൈവം നിരീക്ഷിക്കുന്നുണ്ടെന്നും ഒരു വ്യക്തി ചെയ്യുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം കാണുന്നുണ്ടെന്നുമാണ് ഈ ടാറ്റു അര്‍ഥമാക്കുന്നത്.

ഓം
ദൈവത്തിന്റെ കണ്ണിനെ സൂചിപ്പിക്കുന്ന ടാറ്റുവിന് തൊട്ടരികിലാണ് ഓം എന്ന് എന്ന് ഹിന്ദിയില്‍ പച്ച കുത്തിയിരിക്കുന്നത്. പവിത്രമായ ശബ്ദമായും യോഗവ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഉച്ഛരിക്കുന്ന പദമായും ഓം കണക്കാക്കപ്പെടുന്നു. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയ ഹിന്ദുമത്തിലെ മൂന്നു ദൈവങ്ങളുമായും ബന്ധപ്പെട്ട വാക്ക് കൂടിയാണ് ഓം.

ധ്യാനത്തിലിരിക്കുന്ന പരമശിവന്‍
പരമശിവന്റെ ടാറ്റുവും കോലിയുടെ ദേഹത്തുണ്ട്. അദ്ദേഹത്തിന്റെ ഇടതുകൈയിലാണ് ഇതു പച്ചകുത്തിയിരിക്കുന്നത്. കൈലാസത്തില്‍ പരശിവന്‍ ധ്യാനത്തിലിരിക്കുന്നതാണ് ഈ ടാറ്റു. കോലി പരമശിവന്റെ കടുത്ത ഭക്തന്‍ കൂടിയാണ്.

സന്യാസി മഠം
ഇടതു തോളില്‍ സന്യാസി മഠത്തിന്റെ ചിത്രവും കോലി പച്ചകുത്തിയിട്ടുണ്ട്. പരമശിവന്റെ ടാറ്റുവിന് അരികില്‍ തന്നെയാണിത്. സമാധാനത്തിലും കരുത്തിനും വേണ്ടിയുള്ള കോലിയുടെ ആഗ്രഹത്തെയാണ് ഈ ടാറ്റു പ്രതിനിധീകരിക്കുന്നത്.

ജപ്പാനീസ് സാമുറായ്
വാളുയര്‍ത്തി നില്‍ക്കുന്ന ജപ്പാനീസ് സാമുറായ് യോദ്ധാവിന്റെ ടാറ്റു കോലിയുടെ ഇടതു കൈയിലുണ്ട്. കോലിയുടെ പ്രിയപ്പെട്ട ടാറ്റുവും ഇതു തന്നെയാണെന്നാണ് വിവരം. ഈ വാളില്‍ നിന്നാണ് തനിക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ ശക്തി ലഭിക്കുന്നതെന്നു അദ്ദേഹം വിശ്വസിക്കുന്നു. ഒരു സാമുറായ് യോദ്ധാവിന്റെ വിശ്വസ്തത, അച്ചടക്കം, ധാര്‍മിക പെരുമാറ്റം എന്നിവയെല്ലാം ഈ ടാറ്റു സൂചിപ്പിക്കുന്നു.

ഗോത്രവര്‍ഗം
ഗോത്രവര്‍ഗത്തെ സൂചിപ്പിക്കുന്ന ടാറ്റു കോലിയുടെ വലതു കൈത്തണ്ടയിലുണ്ട്. ഗോത്രത്തോടുള്ള ഒരാളുടെ വിശ്വസ്തതയെയാണ് ഈ ടാറ്റു സൂചിപ്പിക്കുന്നത്. ടീമിനോടുള്ള തന്റെ വിശ്വസ്തതയും പോരാട്ടവീര്യവും ആക്രമണോത്സുകതയുമാണ് കോലി ഇതു കൊണ്ട് അര്‍ഥമാക്കുന്നത്.

സ്‌കോര്‍പ്പിയോ
തന്റെ രാശി ചിഹ്നമായ സ്‌കോര്‍പ്പിയോയെന്നും ഇംഗ്ലീഷില്‍ കോലി ശരീരത്തില്‍ പച്ച കുത്തിയിട്ടുണ്ട്. വലതു കൈയുടെ അടിഭാഗത്തായിട്ടാണിത്. 1988 നവംബര്‍ അഞ്ചിനാണ് കോലി ജനിച്ചത്. ഇതനുസരിച്ച് അദ്ദേഹത്തിന്റെ രാശിചിഹ്നം സ്‌കോര്‍പ്പിയോയാണ്.

175
175 എന്ന നമ്പര്‍ കോലിയുടെ ദേഹത്തു പച്ച കുത്തിയിട്ടുണ്ട്. ഈ നമ്പറിനു ഒരു പ്രത്യേകത കൂടിയുണ്ട്. ഏകദിനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 175ാമത്തെ ക്രിക്കറ്ററാണ് കോലി. ഇത് ഓര്‍മിപ്പിക്കാനാണ് ഈ നമ്പര്‍ ദേഹത്തു പച്ച കുത്തിയിരിക്കുന്നത്. 2008 ആഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു കോലിയുടെ ഏകദിന അരങ്ങേറ്റം.

269
175 എന്ന സംഖ്യയോടൊപ്പം 275 എന്ന മറ്റൊരു നമ്പറും കോലി പച്ച കുത്തിയിട്ടുണ്ട്. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ച 275ാമത്തെ താരമാണ് താനെന്നു ഓര്‍മിപ്പിക്കുന്നതിനു വേണ്ടിയാണിത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം.

അമ്മയുടെ പേര്
ഇടതു കൈയുടെ മുകളിലേക്കായി അമ്മയുടെ പേരായ സരോജ് എന്ന ഹിന്ദിയില്‍ കോലി പച്ച കുത്തിയിട്ടുണ്ട്. അമ്മയോടുള്ള തന്റെ സ്‌നേഹമാണ് ഈ ടാറ്റുവിലൂടെ അദ്ദേഹം ലോകത്തോടു പറയുന്നത്.

അച്ഛന്റെ പേര്
അമ്മയുടെ പേര് മാത്രമല്ല ഇതിന് അടുത്തായി അച്ഛന്റെ പേരായ പ്രേം എന്നും ഹിന്ദിയില്‍ കോലി പച്ച കുത്തിയതായി കാണാം. 2006ല്‍ അദ്ദേഹത്തിനു അച്ഛനെ നഷ്ടമായിരുന്നു. ക്രിമിനല്‍ അഭിഭാഷകന്‍ കൂടിയായിരുന്നു കോലിയുടെ അച്ഛന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications