
മുംബൈ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയെ തുടര്‍ന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തില്‍. പര്യടനം ഒരാഴ്ച മുന്നിലേക്കു നീട്ടി വയ്ക്കാന്‍ ബിസിസിഐ ക്രിക്കറ്റ് സൗത്താഫ്രിക്കയോടു അഭ്യര്‍ഥിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ഒമ്പതിനാണ് ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയിലേക്കു തിരിക്കേണ്ടത്. പക്ഷെ ഇന്ത്യയുടെ പല താരങ്ങളും പര്യടനത്തിനായി വിമുഖത കാണിക്കുന്നതായാണ് വിവരം.
സൗത്താഫ്രിക്കയിലേക്കു തിരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലും പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. സൗത്താഫ്രിക്കയിലെ പുതിയ സാഹചര്യങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. അവര്‍ വിമുഖതയും കാണിക്കുന്നുണ്ട്. പര്യടനത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ് കളിക്കാരുടെ കാഴ്ചപ്പാട് കൂടി ബിസിസിഐ പരിഗണിക്കും. ഷെഡ്യൂള്‍ ചെയ്തതു പോലെ ടൂര്‍ മുന്നോട്ടു പോവുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി 24 മുതല്‍ 48 മണിക്കൂര്‍ വരെ കാത്തിരിക്കാമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
മൂന്നു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ സൗത്താഫ്രിക്കയില്‍ കളിക്കാനിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം യാത്ര തിരിക്കുന്നത് വൈകുകയാണെങ്കില്‍ ഇതു രണ്ടു ടെസ്റ്റുകളാക്കി ചുരുക്കിയേക്കും. പക്ഷെ നിശ്ചിത ഓവര്‍ പരമ്പരയിലെ മല്‍സരങ്ങളില്‍ മാറ്റമൊന്നുമുണ്ടായേക്കില്ല. മൂന്നു ഏകദിനങ്ങളും നാലു ടി20കളുമാണ് ഇന്ത്യക്കു സൗത്താഫ്രിക്കയിലുള്ളത്.
പര്യടനം ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തങ്ങള്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയോടു അഭ്യര്‍ഥിച്ചേക്കുമെന്ന് ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡിനെതിരേ മുംബൈയില്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ കളിക്കിടെ സൗത്താഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഇന്ത്യന്‍ താരങ്ങളുടെ ഏകാഗ്രത നഷ്ടപ്പെുത്താന്‍ ബിസിസിഐ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ഈ ടെസ്റ്റിനു ശേഷമായിരിക്കും താരങ്ങളുമായി ആലോചിച്ച ശേഷം സൗത്താഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് ബിസിസിഐ തീരുമാനം പ്രഖ്യാപിക്കുകയെന്നാണ് വിവരം.
ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് സൗത്താഫ്രിക്കയില്‍ ഒരു ത്രിദിന സന്നാഹ മല്‍സരം ഇന്ത്യ കളിച്ചേക്കും. ഇന്ത്യ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയാണ് അവിടെ കളിക്കുന്നതെങ്കില്‍ നായകന്‍ വിരാട് കോലിയുടെ 100ാമത്തെ ടെസ്റ്റിനു കേപ്ടൗണ്‍ സാക്ഷിയാവും. എന്നാല്‍ പരമ്പര രണ്ടു ടെസ്റ്റുകളാക്കി വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ നൂറാം ടെസ്റ്റ് ഈ പര്യടനത്തിലുണ്ടാവില്ല.

പകരം ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയിലായിരിക്കും അത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരിക്കും കോലിയുടെ നൂറാമത്തെ ടെസ്റ്റ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഹോംഗ്രൗണ്ടെന്നു ഈ സ്‌റ്റേഡിയത്തെ വിശേഷിപ്പിക്കാം. കാരണം ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹോംഗ്രൗണ്ട് കൂടിയാണിത്. മുന്‍ ക്യാപ്റ്റനും ഐക്കണ്‍ താരവുമായ കോലിയെ അടുത്ത സീസണിലും ആര്‍സിബി നിലനിര്‍ത്തിയിട്ടുണ്ട്. ഹോംഗ്രൗണ്ടില്‍ കരിയറിലെ നൂറാമത്തെ ടെസ്റ്റ് കളിക്കാനുള്ള ഭാഗ്യം ഇന്ത്യയുടെ അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ ലഭിച്ചിട്ടുള്ളൂ. മുന്‍ ഇതിഹാസം ദിലിപ് വെങ്‌സാര്‍ക്കര്‍ നൂറാമത്തെ ടെസ്റ്റ് കളിച്ചത് ഹോംഗ്രൗണ്ടായ വാംഖഡെയിലായിരുന്നു.
സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ആദ്യത്തെ രണ്ടു ടെസ്റ്റുകള്‍ ജൊഹനസ്ബര്‍ഗ്, സെഞ്ചൂറിയന്‍ എന്നീവിടങ്ങളിലാണ്. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റാവട്ടെ കേപ്ടൗണിലും. പരമ്പര രണ്ടു ടെസ്റ്റുകളാക്കി വെട്ടിച്ചുരുക്കുകയാണെങ്കില്‍ ജൊഹാനസ്ബര്‍ഗ്, സെഞ്ചൂറിയന്‍ എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. നിശ്ചിത ഓവര്‍ മല്‍സരങ്ങള്‍ മാത്രമേ ഇന്ത്യ കേപ്ടൗണില്‍ കളിക്കുകയുള്ളൂ. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ പരമ്പര കൂടിയായിരിക്കും സൗത്താഫ്രിക്കയിലേത്. മാത്രമല്ല വിദേശത്തു രണ്ടാമത്തെ ടെസ്റ്റ് പരമ്പര കൂടിയായിരിക്കും ഇത്.