സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് സൂപ്പര്‍താരം ഇബ്രാഹിമോവിച്ച് 20 വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. അമേരിക്കന്‍ മേജര്‍ സോക്കര്‍ ടീമില്‍നിന്നും വിടവാങ്ങിയ ഇബ്രാഹിമോവിച്ച് സ്വീഡിഷ് ടീം ഹാമ്മര്‍ബൈയിലേക്ക് കൂടുമാറുകയാണെന്ന് സ്ഥിരീകരിച്ചു. യൂറോപ്യന്‍ ലീഗുകളിലെ വമ്പന്‍ ടീമുകളില്‍ സൂപ്പര്‍താരമായി തിളങ്ങിയ രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഇബ്രാഹിമോവിച്ച് സ്വീഡിഷ് ടീമിലേക്ക് മടങ്ങുന്നത്.
ഇബ്രാഹിമോവിച്ചിന്റെ പുതിയ ജഴ്‌സി പുറത്തുവിട്ടതോടെയാണ് ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. അതേസമയം സ്ലാട്ടന്റെ ക്ലബ്ബിലേക്കുള്ള കൈമാറ്റം പൂര്‍ണമായില്ലെന്നാണ് ക്ലബ്ബ് മാനേജര്‍ അക്‌സല്‍ പെര്‍ഷാഗന്‍ പ്രതികരിച്ചത്. സ്വീഡനിലെ മാല്‍മോ ക്ലബ്ബിലൂടെ കരിയര്‍ ആരംഭിച്ച ഇബ്രാഹിമോവിച്ച് നവംബറിലാണ് എല്‍എ ഗ്യാലക്‌സി വിട്ടത്. ഇതിനുശേഷം കരിയറിന്റെ അവസാനമെന്നോണം വീണ്ടും സ്വീഡനിലേക്ക് തിരിച്ചെത്തുകയാണ്.

ഇറ്റലിയിലെ എസി മിലാന്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകളിലേക്കാണ് സ്വീഡിഷ് താരം മടങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യുവന്റസ്, ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഇബ്രാഹിമോവിച്ച് സ്‌പെയ്‌നിലേക്ക് തിരിച്ചെത്തുമെന്നും വാര്‍ത്തകളുണ്ടായി. ഹോസെ മൗറീന്യോ ടോട്ടനം പരിശീലകനായതോടെ ഇബ്രാഹിമോവിച്ചിനായി ശ്രമം നടത്തുന്നതായും സൂചനയുണ്ടായിരുന്നു. എന്നാല്‍, മൗറീന്യോ ഇക്കാരം നിഷേധിച്ചു. ഇതിന് പിന്നാലെയാണ് ഇബ്ര തന്റെ പുതിയ ക്ലബ്ബിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.