വെജിറ്റേറിയനായിട്ടും ആഹാരക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്താറുണ്ടെന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ട്രോളുകള്‍ക്കു ഇരയായിരുന്നു. ഈ പരിഹാസങ്ങളോടു ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ട്വിറ്ററിലൂടെയാണ് തന്നെ കളിയാക്കിയവര്‍ക്കു അദ്ദേഹം കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്.

സസ്യാഹാരിയാണമെന്നു ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. വെജിറ്റേറിയനായി തുടരാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്. ഒരു ദീര്‍ഘനിശ്വാസമെടുത്ത് നിങ്ങളുടെ വെജിറ്റബിള്‍സ് കഴിക്കുക (നിങ്ങള്‍ക്കു വേണമെങ്കില്‍) എന്നായിരുന്നു ചിരിക്കുന്ന ഇമോജിയോടു കൂടി കോലി ട്വീറ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയായിരുന്നു കോലി തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇതാണ് പിന്നീട് ട്രോളുകള്‍ക്കു വഴിവച്ചത്. ആഹാരക്രമം എങ്ങനെയാണെന്ന ചോദ്യത്തിനു ഒരുപാട് പച്ചക്കറികള്‍, കുറച്ച് മുട്ടകള്‍, രണ്ടു കപ്പ് കോഫി, ചോറ്, ക്വിന്‍വ, ഒരുപാട് ചീര, ദോയശയും ഇഷ്ടമാണ്. പക്ഷെ എല്ലാം നിയന്ത്രിത അളവില്‍ മാത്രം എന്നായിരുന്നു കോലി നല്‍കിയ മറുപടി. മുമ്പ് വെജിറ്റേറിയനാണെന്നു പറഞ്ഞിട്ടും എന്തു മുട്ട കഴിക്കുന്നുവെന്നായിരുന്നു പലരുടെയും സംശയം.
സസ്യാഹാരിയാണെന്നായിരുന്നു വിരാട് കോലി മുമ്പ് അവകാശപ്പെട്ടത്. പക്ഷെ തന്റെ ആഹാരക്രമത്തില്‍ മുട്ടയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇതു അസ്വസ്ഥതയുണ്ടാക്കുന്നുവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. മാംസാഹാരത്തിന്റെ പരിധിയില്‍പ്പെടുന്നതല്ല മുട്ടയെന്നുു സസ്യാഹാരിയായ കോലി സ്ഥിരീകരിച്ചിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. മുട്ട കഴിക്കുന്ന വെജ് കോലിയെന്നായിരുന്നു ഒരു യൂസര്‍ കളിയാക്കിയത്. തന്റെ ഭക്ഷണക്രമത്തില്‍ മുട്ടയുമുണ്ടെന്നു സസ്യാഹാരിയായ വിരാട് കോലി വെളിപ്പെടുത്തിയിരിക്കുകയാണ് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് കോലി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, കോലി നിലവില്‍ മുംബൈയില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ക്വാറന്റീനില്‍ കഴിയുകയാണ്. ബുധനാഴ്ച ടീമിനൊപ്പം അദ്ദേഹം ഇംഗ്ലണ്ടിലേക്കു തിരിക്കുമെന്നാണ് വിവരം. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് ഇന്ത്യ അടുത്തതായി കളിക്കുന്നത്. ഈ മാസം 18ന് ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് കലാശപ്പോരാട്ടം. ഇതിനു ശേഷം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്.