
സ്‌കൂള്‍ പഠന കാലത്തു എംഎസ് ധോണിയുടെ ആദ്യ പ്രണയം ഫുട്‌ബോളിനോടായിരുന്നു. മികച്ചൊരു ഫുട്‌ബോളറാവുകയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. ക്ലബ്ബിനും ജില്ലയ്ക്കുമെല്ലാം വേണ്ടി കളിച്ചിട്ടുള്ള ധോണി ഗോള്‍കീപ്പര്‍ കൂടിയായിരുന്നു. കൂടാതെ ക്ലബ്ബ് തലത്തില്‍ ബാഡ്മിന്റണും അദ്ദേഹം കളിച്ചിട്ടുണ്ട്. കോച്ച് കേശവ് ബാനര്‍ജിയുടെ ഉപദേശപ്രകാരമാണ് ധോണി പിന്നീട് ക്രിക്കറ്റിലേക്കു മാറിയത്.
2003ല്‍ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ബിസിസിഐ സംഘടിപ്പിച്ച ഒരു മല്‍സരത്തില്‍ ജാര്‍ഖണ്ഡിനു വേണ്ടി നടത്തിയ പ്രകടനത്തിലൂടെയാണ് ധോണി ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹത്തിന് അപ്പോള്‍ 22 വയസ്സായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി മൂന്നാമത്തെ വര്‍ഷം തന്നെ എംഎസ് ധോണി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മാറി. 2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു അദ്ദേഹത്തിനു നായകനായി നറുക്ക് വീണത്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയെ സര്‍പ്രൈസ് ചാംപ്യന്‍മാരാക്കാന്‍ ധോണിക്കു കഴിഞ്ഞു. പിന്നീട് രാജ്യത്തെ പ്രധാനപ്പെട്ട കായിക ബഹുമതികളായ ഖേല്‍രത്‌ന (2007), പത്മശ്രീ (2009), പത്മഭൂഷണ്‍ (2018) എന്നിവയെല്ലാം അദ്ദേഹത്തെ തേടിയെത്തി.

എംഎസ് ധോണിക്കു ബൈക്കുകളോടുള്ള പ്രണയം വളരെ പ്രശസ്തമാണ്. സൂപ്പര്‍ സ്‌പോര്‍ട്ട് ലോക ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹം ഒരു ടീമിന്റെ സഹ ഉടമയായി 2012ല്‍ മാറിയിരുന്നു. മഹി റേസിങ് ടീം ഇന്ത്യയെന്നായിരുന്നു ടീമിന്റെ പേര്.
കൂടാതെ ഹോക്കി ഇന്ത്യ ലീഗില്‍ റാഞ്ചി റേസ് എന്ന ഫ്രാഞ്ചൈസിയുടെ സഹ ഉടമ കൂടിയാണ് ധോണി. ഐഎസ്എല്ലില്‍ ചെന്നൈയ്ന്‍ എഫ്‌സിയിലും അദ്ദേഹത്തിനു പങ്കാളിത്തമുണ്ട്.

ബോളിവുഡ് നടന്‍ ജോണ്‍ അബ്രഹാമിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് എംഎസ് ധോണി. കരിയറിന്റെ തുടക്കകാലത്ത് ജോണിന്റെ ഹെയര്‍സ്‌റ്റൈല്‍ അനുകരിച്ചായിരുന്നു അദ്ദേഹം മുടി നീട്ടി വളര്‍ത്തിയത്. 2010ല്‍ ജോണിനോടൊപ്പം ഹൂക്ക് യാ ക്രൂക്ക് എന്ന ബോളിവുഡ് സിനിമയില്‍ ധോണി അഭിനയിക്കുകയും ചെയ്തിരുന്നു. ഡേവിഡ് ധവാനായിരുന്നു സംവിധായകന്‍. പക്ഷെ ഈ സിനിമ റിലീസ് ചെയ്യാത്തതിനാല്‍ ധോണിയെ വെള്ളിത്തിരയില്‍ കാണാനുള്ള അവസരം നഷ്ടമാവുകയും ചെയ്തു.

കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ എംഎസ് ധോണിയുടെ വീക്ക്‌നെസാണ്. ഒഴിവുസമയങ്ങളില്‍ അദ്ദേഹം കിഷോറിന്റെ പാട്ടുകള്‍ ആസ്വദിക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്ന വീഡിയോയിലും കിഷോറിന്റെ പാട്ടുകള്‍ പിന്നണിയില്‍ കേള്‍ക്കാമായിരുന്നു. ഇതിഹാസ ഗായകനോടുള്ള എംഎസ്ഡിയുടെ ആരാധനയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്.

ലെഫ്റ്റണന്റ് കേണല്‍ പദവി ലഭിച്ച രാജ്യത്തെ ആദ്യത്തെ ക്രിക്കറ്റര്‍ കൂടിയാണ് എംഎസ് ധോണി. 2011ലായിരുന്നു അദ്ദേഹത്തെ ഈ ബഹുമതി തേടിയെത്തിയത്. അതിനു ശേഷം ധോണി ഇടയ്ക്കിടെ സൈനിക ക്യാംപുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.
അതേസമയം, 2021ലെ കണക്കുകള്‍ പ്രകാരം ധോണിയുടെ ഏക ആസ്തി 826 കോടി രൂപയോളമാണ്. ഐപിഎല്ലില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമെല്ലാമാണ് അദ്ദേഹം ഇത്രയും വരുമാനമുണ്ടാക്കിയത്.


Click it and Unblock the Notifications











