കോഴിക്കോട്: ഐ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ടീം ശക്തിപ്പെടുത്തി ഗോകുലം കേരള എഫ്സി. അഫ്ഗാനിസ്താന് ദേശീയ ടീം മുന്‍ നായകനും പ്രതിരോധ താരവുമായ ഹാരൂണ്‍ ഫക്രുദീന്‍ അമീരിയെയാണ് ഗോകുലം സ്വന്തമാക്കിയത്. മിഡ്ഫീല്‍ഡറായും ഉപയോഗിക്കാന്‍ പറ്റുന്ന അമീരിയുടെ വരവോടെ ഗോകുലം കൂടുതല്‍ കരുത്താര്‍ജിക്കും. ഇന്ത്യന്‍ ലീഗുകളില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് അമീരി. ഡെംപോ എസ്.സി,ഡിഎസ്കെ ശിവജിയന്‍സ്, മോഹന്‍ ബഗാന്, ചെന്നൈ സിറ്റി ടീമുകള്‍ക്കുവേണ്ടിയെല്ലാം അദ്ദേഹം കളിച്ചിട്ടുണ്ട്. അമീരിയുടെ വരവോടെ ഗോകുലത്തിലെ വിദേശ താരങ്ങളുടെ എണ്ണം ആറാകും. ബ്രൂണോ പെല്ലിസാറി, ആന്‍ഡ്രി എറ്റിനി, നഥാനിയല്‍ ഗാര്‍ഷ്യ, മാര്‍ക്കസ് ജോസഫ്, ഹെന്റി കിസേക്ക എന്നിവരാണ് ഗോകുലത്തിലെ മറ്റ് വിദേശികള്‍.
അഫ്ഗാനിസ്ഥാന് വേണ്ടി 48 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അമീരി ആറ് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. അമീറി മികച്ച കളിക്കാരനാണ്.അദ്ദേഹം എത്തുന്നതോടെ ഗോകുലം കൂടുതല്‍ ശക്തി പ്രാപിക്കും. ഇന്ത്യയില്‍ കളിച്ച് സുപരിചിതനായ അദ്ദേഹം ഐ ലീഗില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ-ഗോകുലം കേരള എഫ്സി പ്രസിഡന്റ് വി സി പ്രവീണ്‍ പറഞ്ഞു.
ഏറ്റവും കടുപ്പമേറിയ ലീഗേത്? സിദാന് പറയുന്നതിങ്ങനെ
ഗോകുലത്തിനൊപ്പം ചേരുന്നതില്‍ സന്തോഷം. ഐ ലീഗിന് മുമ്പ് തന്നെ ടീം മികച്ച പ്രകടനം തെളിയിച്ച് കഴിഞ്ഞു. ഡുറാന്‍ഡ് കപ്പ് നേടുകയും ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ സെമിയിലെത്തുകയും ചെയ്തു. ടീമിനൊപ്പം കൂടുതല്‍ കിരീടം നേടാനാകുമെന്നാണ് പ്രതീക്ഷ- അമീരി പ്രതികരിച്ചു.