
മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിനു ബൈക്കപകടത്തില്‍ പരിക്കേറ്റു. മെല്‍ബണില്‍ വച്ചാണ് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. ബൈക്കില്‍ നിന്നും തെറിച്ചുവീണ വോണ്‍ 15 മീറ്ററോളം ദൂരം തെന്നീനീങ്ങുകയും ചെയ്തയായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പക്ഷെ അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. മകന്‍ സാഞ്ചോയ്‌ക്കൊപ്പമായിരുന്നു 52കാരനായ വോണ്‍ ബൈക്ക് സവാരിക്ക് ഇറങ്ങിയത്. പക്ഷെ ഇടുപ്പിനും കാലിനും കണംകാലിനുമെല്ലാം പരിക്കേറ്റ് മടങ്ങുകയായിരുന്നു. കഠിനമായ വേദനയനുഭവപ്പെടുന്ന വോണിന്റെ കാല്‍പാദത്തിനോ, കണംകാലിലോ പൊട്ടലേറ്റതായി സംശയമുണ്ട്.
300 കിഗ്രാമോളം ഭാരം വരുന്ന ബൈക്കില്‍ സഞ്ചരിക്കവെയാണ് വോണ്‍ തെന്നി വീണതെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൈക്ക് സവാരി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റിട്ടും വോണ്‍ അതു സാരമാക്കാതെ വീട്ടിലേക്കു തിരിച്ചുവരികയായിരുന്നു. പിന്നീട് കടുത്ത വേദന അനുഭവപ്പെട്ടതോടെ അദ്ദേഹം ആശുപത്രിയിലേക്കു മാറുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും വോണിനു പരിക്ക് പറ്റിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ പരിക്കിന്റെ കാഠിന്യം വ്യക്തമാവുകയുള്ളൂ. ഞായറാഴ്ചയായിരുന്നു വോണിനു പരിക്കേല്‍ക്കുന്നത്.
കടുത്ത വേദനയാണ് അനുഭവപ്പെടുന്നത്, പല ഭാഗങ്ങളിലും മുറിവും പറ്റിയിട്ടണ്ട്. എനിക്കു കാര്യമായ കുഴപ്പമില്ലെന്നായിരുന്നു അപ്പോള്‍ കരുതിയത്. പക്ഷെ രാവിലെ ഉണര്‍ന്നപ്പോള്‍ വേദന കഠിനമായി. ശരിക്കും നീങ്ങാന്‍ സാധിക്കുന്നുമില്ല. അതിനാല്‍ ഞാന്‍ ആശുപത്രിയിലേക്കു പോവുകയാണ്. കണംകാലിന്റെ അവസ്ഥ ഇപ്പോള്‍ അത്ര നല്ലതല്ല, മുറിവേറ്റിട്ടുണ്ടെന്നു കരുതുന്നു. ഇടുപ്പിനും കേടുപാടുകള്‍ സംഭവിച്ചതായി സംശയിക്കുന്നു. ഞാന്‍ നിലത്തു വീണപ്പോള്‍ ബൈക്കും കാലുകളിലേക്കു വീഴുകയായിരുന്നു. കാലിനു പൊട്ടലേറ്റിട്ടുണ്ടാവില്ലെന്നാണ് പ്രതീക്ഷ, ഗാബയില്‍ നടക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ കമന്ററി പാനലിന്റെ ഭാഗമാവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വോണ്‍ കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും വലിയ സ്പിന്നര്‍മാരില്‍ ഒരാളായാണ് വോണ്‍ വാഴ്ത്തപ്പെടുന്നത്. ഓസ്‌ട്രേലിയക്കു വേണ്ടി 145 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹം രാജ്യത്തിന്റെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്. 708 വിക്കറ്റുകളാണ് വോണിന്റെ സമ്പാദ്യം. ബൈക്ക് സവാരി അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഹോബികളിലൊന്നാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി വോണ്‍ ബൈക്ക് യാത്രകള്‍ നടത്താറുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്ററി രംഗത്തു സജീവമാണ് അദ്ദേഹം. വരാനിരിക്കുന്ന ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമന്ററി സംഘത്തില്‍ വോണുമുണ്ട്. ഡിസംബര്‍ എട്ടിനു ബ്രിസ്ബണിലെ ഗബ്ബയിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.