
ആയുധധാരികളായ ആക്രമികളില്‍ നിന്നും തനിക്കു നേരിട്ട മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ സ്റ്റുവര്‍ട്ട് മക്ഗില്‍. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. സഹോദരന്‍മാരായ രണ്ടു പേര്‍ ചേര്‍ന്ന് മക്ഗില്ലിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നായിരുന്നു കേസ്. പക്ഷെ പിടിക്കപ്പെട്ടവര്‍ ഇവ നിഷേധിച്ചിരുന്നു. മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭാഗമായി മക്ഗില്‍ തങ്ങളെ സ്വമേധയാ സമീപിക്കുകയായിരുന്നുവെന്നായിരുന്നു അക്രമികളുടെ വാദം. റിച്ചാര്‍ഡ്, ഫ്രെഡറിക് സ്‌കാഫ് സഹോദരന്‍മാരായിരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത്.
അതേസമയം, മക്ഗില്‍ ക്രിമിനല്‍ പ്രവര്‍ത്തികളില്‍ പങ്കാളിയായിട്ടില്ലെന്നും ഈ സംഭവത്തില്‍ അദ്ദേഹം ഇര മാത്രമാണെന്നുമായിരുന്നു പോലീസ് നേരത്തേ പറഞ്ഞത്. അടുത്ത വര്‍ഷം പകുതിയോടെ കേസിന്റെ വിചാരണ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് അന്നത്തെ സംഭവങ്ങളെക്കുറിച്ച് മക്ഗില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
എല്ലാത്തില്‍ നിന്നും എന്നെ തടഞ്ഞു നിര്‍ത്തിയതു പോലെയൊരു തോന്നലാണുള്ളത്. നിര്‍ഭാഗ്യവശാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്‌നവും ഇതു തന്നെയാണ്. പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി വിചാരണയാണ് നടക്കാനിരിക്കുന്നത്. നിങ്ങളുടെ ശത്രുക്കള്‍ക്കു പോലും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന കാര്യമാണിത്. നേരം ഇരുട്ടിത്തുടങ്ങിയ സമയത്തായിരുന്നു സംഭവം. മൂന്നു പേര്‍ ചേര്‍ന്ന് എന്ന കാറില്‍ കയറ്റി. എനിക്കു കാറിലേക്കു കയറാന്‍ താല്‍പ്പര്യമില്ലായിരുന്നു. ഞാന്‍ കാറില്‍ കയറില്ലെന്നു രണ്ടു തവണ അവരോടു പറയുകയും ചെയ്തു.

പിന്നീടാണ് അവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നു വ്യക്തമായത്. നിങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ക്കു ഒന്നു സംസാരിക്കുകയാണ് വേണ്ടതെന്നു അവര്‍ എന്നോടു പറഞ്ഞു. അതിനു ശേഷം അവര്‍ എന്നെ കാറിലേക്കു കയറ്റി. ഒന്നര മണിക്കൂറോളം ഞാന്‍ ആ കാറിനുള്ളില്‍ തന്നൊയിരുന്നുവെന്നു സെന്‍ വ (sen wa) ബ്രേക്ക്ഫാസ്റ്റ് പോഡ്കാസ്റ്റില്‍ ആദം ഗില്‍ക്രിസറ്റിനോടു സംസാരിക്കവെ മക്ഗില്‍ വെളിപ്പെടുത്തി.
ഞാന്‍ യഥാര്‍ഥത്തില്‍ പെര്‍ത്തില്‍ നിന്നുള്ളയാളാണ്. അതുകൊണ്ടു തന്നെ സിഡ്‌നിയിലെ ഭൂരിഭാഗം സ്ഥലങ്ങളും എനിക്കറിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നര മണിക്കൂറായിരുന്നു ആ കാറിനകത്തേത്. എവിടെയാണെന്നോ, കാര്‍ എവിടേക്കാണ് പോവുന്നതെന്നോ എനിക്കറിയില്ലായിരുന്നു. കാറിനകത്തു വച്ച് അവര്‍ എന്നെ നഗ്നനാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. അതിനു ശേഷം പുറത്തേക്കു തള്ളുകയും ചെയ്തു. മൂന്നു മണിക്കൂറോളം എവിടെയെന്നു പോലുമറിയാതെ ഞാനൊരു ചെറിയ ഷെഡില്‍ കയറിയിരുന്നു. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നു എനിക്ക് അറിയില്ലായിരുന്നു.
ബെല്‍മോറിലാണ് അക്രമികള്‍ എന്നെ ഇറക്കി വിട്ടത്. പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍ എവിടെയാണ് അപ്പോഴുള്ളതെന്നു എനിക്ക് അറിയില്ലായിരുന്നു. എന്റെ ഭാഗ്യം കൊണ്ട് ഞാനൊരു ടാക്‌സി ഡ്രൈവറെ കണ്ടെത്തി. അദ്ദേഹം എന്നെ സഹാിക്കുകയും കുടുംബത്തോടൊപ്പം ഭക്ഷണം നല്‍കുകയും ചെയ്തു. വളരെ നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും മക്ഗില്‍ വിശദമാക്കി. 1998 മുതല്‍ 2008 വരെ ഓസ്‌ട്രേലിയക്കു വേണ്ടി 44 ടെസ്റ്റുകളില്‍ നിന്നായി 208 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.