ഇന്ത്യന്‍ ഫുട്ബോള്‍ താരവും മുന്‍ ക്യാപറ്റനുമായിരുന്ന മലയാളി ഒളിമ്പ്യന്‍ ഒ ചന്ദ്രശേഖരന്‍ (85)അന്തരിച്ചു. 1960ലെ റോം ഒളിമ്പിക്സില്‍ മത്സരിച്ച ഇന്ത്യന്‍ ടീം അംഗവും 1962 എഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീം അംഗവുമായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം.

1958 മുതല്‍ 1966 വരെ ദേശീയ കുപ്പായത്തില്‍ കളിച്ച ചന്ദ്രശേഖരന്‍ എഷ്യന്‍ കപ്പ്, മെര്‍ദേക്ക കപ്പ് എന്നി ടൂര്‍ണമെന്റുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. ഇരിഞ്ഞാലക്കുടയിലാണ് ജനനം. ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളിലും തൃശൂര്‍ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ബോംബെ കാള്‍ട്ടക്സിനായി കളിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്‍ ജനറല്‍ മാനേജറായി വിരമിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണനിരയുടെ പ്രതിരോധത്തിലെ വിശ്വസ്തനായിരുന്നു. 1962ലെ ഏഷ്യന്‍ കപ്പിലും 1959, 1964 വര്‍ഷങ്ങളില്‍ മെര്‍ദേക്ക ഫുട്‌ബോളിലും വെള്ളി നേടിയ ടീം അംഗമായിരുന്നു. 1956-1966 വര്‍ഷങ്ങളില്‍ മഹാരാഷ്ട്രയ്ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963ല്‍ ക്യാപ്റ്റനായി കിരീടവും നേടി.
ഒളിമ്പിക്‌സ്, ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഡ്യൂറന്‍ഡ് കപ്പ്, സേഠ് നാഗ്ജി, ചാക്കോള ട്രോഫി എന്നിങ്ങനെ നിരവധി ടൂര്‍ണമെന്റുകളില്‍ നിറസാന്നിധ്യമായിരുന്ന ഒ ചന്ദ്രശേഖരന്‍ 1969ല്‍ ബൂട്ടഴിച്ചു. മൂന്നു മക്കളുണ്ട്. സുനില്‍ (ബംഗളൂരു), സുധീര്‍ (വാഷിങ്ടണ്‍ ഡി സി), സുമ (ന്യൂയോര്‍ക്ക്).