ആഥന്‍സ്: ഗ്രീക്ക് സൂപ്പര്‍ലീഗ് മത്സരത്തിനിടെ എതിര്‍ താരങ്ങളെയും റഫറിയെയും തോക്കിന്‍മുനയില്‍ നിര്‍ത്തിയ ക്ലബ്ബ് ഉടമയ്ക്ക് 3 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. പി.ഒ.എ.കെ ടീമുടമ ഇവാന്‍ സാവിഡിസിനാണ് വിലക്കു ലഭിച്ചത്. ഇതോടെ വിലക്ക് കഴിയുന്നതുവരെ ടീമിന്റെ കളി കാണാന്‍ സ്‌റ്റേഡിയത്തിലെത്താന്‍ ഇദ്ദേഹത്തിന് കഴിയില്ല.
ടീമിന്റെ മൂന്ന് പോയന്റ് കുറയ്ക്കുകയും പിഴ വിധിക്കുകയും ചെയ്തതായി ലീഗ് സംഘാടകര്‍ അറിയിച്ചു. 1,00,000 യൂറോ പിഴ റഷ്യന്‍ ബിസിനസുകാരനായ പി.ഒ.എ.കെ ടീമുടമ ഇവാന്‍ സാവിഡിസിന് ചുമത്തി. കൂടാതെ 63,000 യൂറോ ക്ലബ്ബിന് പ്രത്യേകമായി ചുമത്തുകയും ചെയ്തു.

മൂന്ന് പോയന്റ് കുറച്ചതോടെ ശക്തമായ പോരാട്ടം നടക്കുന്ന ലീഗില്‍ പി.ഒ.എ.കെ. മൂന്നാം സ്ഥാനത്തായി. ലീഗില്‍ എ.ഇ.കെ. ഒന്നാം സ്ഥാനത്തും ഒളിമ്പിയാക്കോസ് രണ്ടാംസ്ഥാനത്തുമാണ്. മാര്‍ച്ച് 12ന് നടന്ന സംഭവത്തിനശേഷം ഗ്രീപ്പ് ലീഗ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ ആഴ്ച മത്സരം പുന:രാരംഭിക്കും.
പി.ഒ.എ.കെ, എ.ഇ.കെ മത്സരത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. സമനിലയിലേക്ക് പോവുകയായിരുന്ന മത്സരത്തില്‍ ആതിഥേയരായ പി.ഒ.എ.കെ.യുടെ പ്രതിരോധതാരം തൊണ്ണൂറാം മിനിറ്റില്‍ എ.ഇ.കെ.യുടെ പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റി. എന്നാല്‍, റഫറി അത് ഓഫ്സൈഡ് വിളിച്ചതോടെ പി.എ.ഒ.കെ. ടീം പ്രതിഷേധം ആരംഭിക്കുകയും കളികാണാനെത്തിയ ടീമുടമ ഇവാന്‍ സാവിഡിസ് തോക്കുമായി ഗ്രൗണ്ടിലിറങ്ങുകയുമായിരുന്നു. റഫറിയെ ചൂണ്ടി ഭീഷണിപ്പെടുത്തി ഗോള്‍ അനുവദിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. സംഭവത്തില്‍ ഗ്രീസ് ഫുട്‌ബോള്‍ അസോസിയേഷനെ പിരിച്ചുവിടാന്‍ ഫിഫ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.