ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ആദ്യ നാലില്‍ ആരൊക്കെയാകും എന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം. ലീഗ് ചാമ്പ്യന്മാരാകാന് മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഒപ്പത്തിനൊപ്പമുള്ള പ്രകടനം നടത്തുമ്പോള്‍ മൂന്ന്, നാല് സ്ഥാനങ്ങള്‍ക്കായി നാല് ടീമുകളാണ് രംഗത്തുള്ളത്. മുന്‍നിര ടീമുകള്‍ അപ്രതീക്ഷിത തോല്‍വിയും സമനിലയും വഴങ്ങിയതാണ് അവസാന മത്സരങ്ങള്‍ ആവേശകരമാക്കിയത്.
നാലില്‍ ഇടം തേടി ഹൈദരാബാദും പഞ്ചാബും നേര്‍ക്കുനേര്‍
പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ജയം അനിവാര്യമായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിക്കെതിരെ ഒരു ഗോളടിച്ച് രക്ഷപ്പെടുകയായിരുന്നു. 63-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് വിജയഗോള്‍ നേടിയത്. ജയത്തോടെ 36 കളികളില്‍ നിന്നും സിറ്റിക്ക് 92 പോയന്റായി. ഇത്രയും മത്സരങ്ങളില്‍നിന്നും ലിവര്‍പൂളിന് 91 പോയന്റാണുള്ളത്.
നാലാംസ്ഥാനത്തെങ്കിലും എത്തി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ ജയം അനിവാര്യമായിരുന്ന ഒരു മത്സരത്തില്‍ ആഴ്സണല്‍ ലെസ്റ്റര്‍ സിറ്റിയോട് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. തിയേലമനാസ്(59), ജാമി വാര്‍ഡി(86, 90+5) എന്നിവരാണ് ഗോള്‍ സ്കോറര്‍മാര്‍. എയിന്സ്ലി 36-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ആഴ്സണലിന് തിരിച്ചടിയായി.
ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് സാധ്യത ലക്ഷ്യമിടുന്ന ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി. 11-ാം മിനിറ്റില്‍ യുവാന്‍ മാറ്റ യുണൈറ്റഡിന്റെ ഗോള്‍ നേടിയപ്പോള്‍ 43-ാം മിനിറ്റില്‍ അലോണ്‍സോ ചെല്‍സിക്കായി സമനിലഗോള്‍ സ്വന്തമാക്കി. 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ടോട്ടനം(70), ചെല്‍സി(68), ആഴ്സണല്‍(66), മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(65) എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത്.