കിങ്‌സറ്റണ്‍: എട്ടു തവണ ഒളിംപിക് ചാംപ്യനായ, ലോകത്തിലെ വേഗമേറിയ ഓട്ടക്കാരനായ ജമൈക്കന്‍ ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ടിനും കൊവിഡ്. ട്വിറ്ററിലൂടയാണ് തനിക്കു രോബാധയുണ്ടായ വിവരം ബോള്‍ട്ട് ലോകത്തെ അറിയിച്ചത്. ജമൈക്കയില്‍ സുഹൃത്തുക്കളോടൊപ്പം അദ്ദേഹം 34ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോള്‍ട്ടിനു കൊവിഡ് പിടിപെട്ടത്. ആഘോഷച്ചടങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം റഹീം സ്‌റ്റെര്‍ലിങും പങ്കെടുതത്തിരുന്നു. ബോള്‍ട്ടിനു രോഗം സ്ഥിരീകരിച്ചതോടെ സ്‌റ്റെര്‍ലിങിനും പരിശോധനയ്ക്കു വിധേയനാവേണ്ടിവരും.

താന്‍ സെല്‍ഫ് ഐസൊലോഷനില്‍ പോവുകയാണെന്ന് ബോള്‍ട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി. എല്ലാവര്‍ക്കും ഗുഡ് മോര്‍ണിങ്. എനിക്കു കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുകയാണ്. ശനിയാഴ്ചയായിരുന്നു ഞാന്‍ ടെസ്റ്റ് നടത്തിയത്. ഞാന്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഐസൊലേഷനില്‍ പോവുകയും സുഹൃത്തുക്കളില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്യുന്നു. എനിക്കു രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. അതിനാല്‍ സ്വയം ക്വാറന്റീനില്‍ പോവുകയാണെന്നും ട്വിറ്റര്‍ വീഡിയോയിലൂടെ ബോള്‍ട്ട് വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രോട്ടോക്കോളുകള്‍ എന്തൊക്കെയാണെന്ന് അറിയാനും എനിക്കു എങ്ങനെ സ്വയം ക്വാറന്റീനില്‍ പോവാന്‍ കഴിയുമെന്നറിയാനും കാത്തിരിക്കുകയാണ്. സുരക്ഷിതനാവുന്നതിനും ഇതിനെ എളുപ്പം മറികടക്കുന്നതിനും വേണ്ടിയാണ് ഞാന്‍ സ്വയം ക്വാറന്റീനില്‍ പോവുന്നത്. നിങ്ങളും അവിടെ സുരക്ഷിതരായിരിക്കൂവെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗസ്റ്റ് 21നായിരുന്നു ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. സ്റ്റെര്‍ലിങിനെക്കൂടാതെ ജര്‍മന്‍ ടീം ബയേര്‍ ലെവര്‍ക്യുസന്റെ ഫോര്‍വേഡായ ലിയോണ്‍ ബെയ്‌ലി, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ല്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചതായാണ് വിവരം.
നിലവില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ ലോക റെക്കോര്‍ഡിന് അവകാശിയാണ് ബോള്‍ട്ട്. 11 തവണ ലോക ചാംപ്യനായിട്ടുള്ള അദ്ദേഹം 2009 മുതല്‍ 15 വരെ തുടര്‍ച്ചയായി 100, 200, 4-100 മീ റിലേ എന്നിവയില്‍ സ്വര്‍ണം കരസ്ഥമാക്കിയിട്ടുണ്ട്.