സൈനിക സേവനത്തിന് പോകുന്ന ധോണിക്ക് സൈന്യം സുരക്ഷയൊരുക്കേണ്ടിവരുമോ?; ആര്‍മി പറയുന്നതിങ്ങനെ
ദില്ലി: ക്രിക്കറ്റ് കഴിഞ്ഞാല്‍ സൈനിക സേവനത്തിന് മുന്‍തൂക്കം നല്‍കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി കാശ്മീരില്‍ കാവല്‍ ഡ്യൂട്ടിക്ക് പോവുകയാണ്. അടുത്തമാസം 15 ദിവസത്തോളം ധോണി കാശ്മീരില്‍ അപകടംപിടിച്ച മേഖലയില്‍ സൈനിക സേവനത്തിനെത്തും. എന്നാല്‍, ധോണിയെപോലെ ഒരു സെലിബ്രിറ്റി ഇത്തരമൊരു ഡ്യൂട്ടിക്ക് പോകുമ്പോള്‍ സൈന്യം ധോണിക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടിവന്നേക്കാമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.
ധോണിയുടെ സുരക്ഷാ കാര്യത്തില്‍ ഇപ്പോള്‍ ആര്‍മി ഔദ്യോഗികമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. ധോണിയെ ആര്‍മി പ്രത്യേകമായി സംരക്ഷിക്കേണ്ടിവരില്ലെന്നും ധോണി ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്നുമാണ് ആര്‍മി ജനറല്‍ ബിപിന്‍ റാവത്ത് പറയുന്നത്. സൈനിക യൂണിഫോമില്‍ ജനങ്ങള്‍ക്ക് എന്താണോ ചെയ്യേണ്ടത് അത് ധോണിയില്‍നിന്നും പ്രതീക്ഷിക്കാം. സൈന്യത്തിന്റെ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയ ധോണിക്ക് തന്റെ ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ധോണിയുടെ ചുമതല
ധോണി അംഗമായിട്ടുള്ള 106 ടെറിട്ടോറിയല്‍ ബറ്റാലിയന്‍ ഒട്ടേറെ സേവനങ്ങള്‍ ചെയ്തിട്ടുള്ളവരാണ്. കമ്യൂണിക്കേഷന്‍, സ്റ്റാറ്റിക് പ്രൊട്ടക്ഷന്‍ എന്നിവയിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ധോണിയും അവരുടെ ഭാഗമാകുമെന്ന് ജനറല്‍ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ നിന്നും സൈനിക സേവനത്തിനായി അവധിയെടുത്ത താരം ഇപ്പോള്‍ ബെംഗളുരുവില്‍ പാരച്യൂട്ട് പരിശീലനത്തിലാണ്. ധോണിക്ക് 2011ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ബഹുമതി നല്‍കിയിരുന്നു.

കാശ്മീരില്‍ സേവനം
ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 15 വരെ കാശ്മീര്‍ താഴ് വരയില്‍ ധോണി സൈനിക പരിശീലനവും സുരക്ഷാ ഡ്യൂട്ടിയും ഏറ്റെടുക്കും. ധോണി ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പമാണ് ഇത്രയും ദിവസം താമസിക്കുകയെന്നും ആര്‍മി വ്യക്തമാക്കിയിട്ടുണ്ട്. വളരെ ചെറുപ്പംമുതലുള്ള ധോണിയുടെ ആഗ്രഹമായിരുന്നു സൈന്യത്തില്‍ ചേരുകയെന്നത്. ക്രിക്കറ്റ് താരമായെങ്കിലും മോഹം സഫലമാക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ താരം.

വിമര്‍ശനത്തിന് അവധികൊടുത്ത് താരം
ലോകകപ്പില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് നാട്ടിലെത്തിയശേഷം ധോണിക്കെതിരെ വലിയതോതിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണി വിരമിക്കണമെന്ന ആവശ്യവും ശക്തമായി. ഇതിനിടെയാണ് സൈനിക പരിശീലനത്തിന് അവധിവാങ്ങി ധോണി പാരച്യൂട്ട് പരിശീനം ആരംഭിച്ചത്. ധോണി ഏതുരീതിയിലാണോ ക്രിക്കറ്റിനെ സ്‌നേഹിച്ചത് അതേ രീതിയിലാണ് സൈനിക സേവനത്തേയും കാണുന്നതെന്നാണ് ആര്‍മി ഒഫീഷ്യലിന്റെ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications