ഇത്ര നന്നായി കളിച്ചിട്ടും ഇന്ത്യക്കു വേണ്ട!! എന്തു കൊണ്ട് ഈ താരത്തെ തഴയുന്നു? തുറന്നടിച്ച് ഗെയ്ല്‍
മൊഹാലി: ഒരു കാലത്തു തമിഴ്‌നാട്ടില്‍ നിന്നുള്ള ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനില്ലാത്ത ഇന്ത്യന്‍ ടീമിനെക്കുറിച്ച് ആരാധകര്‍ക്കു ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ ഇതുപോലെ ആശ്രയിച്ച മറ്റൊരു ബൗളര്‍ വേറെ ഉണ്ടായിരുന്നില്ല. എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ലോകകിരീടങ്ങള്‍ നേടി പടയോട്ടം നടത്തിയപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു അദ്ദേഹം.
എന്നാല്‍ ഇപ്പോള്‍ അശ്വിനെ കാണാന്‍ ഇന്ത്യയുടെ ടെസ്റ്റ് മല്‍സരം കാണേണ്ടിവരും. ഏകദിന, ടി20 ടീമുകളില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ഇടമില്ല. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ അശ്വിന്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 12 വിക്കറ്റുകള്‍ താരം ഇതുവരെ നേടിക്കഴിഞ്ഞു. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്താതില്‍ അദ്ഭുതം പ്രകടിപ്പിച്ചിരിക്കുകയാണ് വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍.

എന്തു സംഭവിച്ചുവെന്നറിയില്ല
2017 ജൂണിനു ശേഷം 32 കാരനായ അശ്വിന്‍ ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി അശ്വിനെ എന്തു കൊണ്ട് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയില്ലെന്ന് അറിയില്ല. ഇന്ത്യയുടെ ഇതിഹാസ ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം.
വളരെ പാഷനുള്ള ബൗളറും ക്യാപ്റ്റനുമാണ് അശ്വിന്‍. സ്വന്തം കഴിവിലും ടീമിന്റെ കഴിവിലും അദ്ദേഹത്തിന് ഏറെ വിശ്വാസമുണ്ടെന്നും കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ അശ്വിനു കീഴില്‍ കളിക്കുന്ന ഗെയ്ല്‍ വിശദമാക്കി.

രാഹുലിനെ പുകഴ്ത്തി
പഞ്ചാബില്‍ തന്റെ ഓപ്പണിങ് പങ്കാളിയായ ലോകേഷ് രാഹുലിനെക്കുറിച്ച് ഗെയ്‌ലിനു തികഞ്ഞ മതിപ്പാണുള്ളത്. ബാറ്റിങ് സെന്‍സേഷനാണ് രാഹുലെന്നും വിരാട് കോലിയുടെ റെക്കോര്‍ഡുകള്‍ വരെ തകര്‍ക്കാനുള്ള മികവ് താരത്തിനുണ്ടെന്നും ഗെയ്ല്‍ ചൂണ്ടിക്കാട്ടി.
നിലവിലെ ഇന്ത്യന്‍ താരങ്ങളെ വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും വരുന്ന പേരുകളിലൊന്നാണ് രാഹുല്‍. വിരാടിനെപ്പോലെ കരിയറില്‍ രാഹുലും മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരാട് കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരം രാഹുലായിരിക്കുമെന്നും ഗെയ്ല്‍ അഭിപ്രായപ്പെട്ടു.

രാഹുലിന് നല്‍കിയ ഉപദേശം
അനാവശ്യമായ സമ്മര്‍ദ്ദത്തിന് കീഴടങ്ങരുതെന്ന ഉപദേശമാണ് രാഹുലിന് ഗെയ്ല്‍ നല്‍കിയത്. സമ്മര്‍ദ്ദങ്ങള്‍ക്കു കീഴടങ്ങാതെ ഇപ്പോഴുള്ളതു പോലെ തന്നെ മുന്നോട്ടു പോവാനാണ് രാഹുല്‍ ശ്രമിക്കേണ്ടത്. പ്രതിഭയുടെ കാര്യത്തില്‍ ആരുമായും മാറ്റുരയ്ക്കാനുള്ള ശേഷി രാഹുലിനുണ്ടെന്നും ഗെയ്ല്‍ പറയുന്നു.
ഒരുപിടി പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാര്‍ ഇന്ത്യയിലുണ്ട്. ഇവരില്‍ പലര്‍ക്കും ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്നും 39കാരനായ താരം അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications