ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി കൈമാറ്റ ജാലകത്തില്‍ വമ്പന്‍ കൈമാറ്റങ്ങളാണ് നടക്കുന്നത്. കൂടുവിട്ട് കൂടുമാറുന്നതില്‍ താരങ്ങള്‍ക്കൊപ്പം പരിശീലകന്മാരും മുന്നിലാണ്. ഇത്തവണ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന അഭ്യൂഹങ്ങളിലൊന്നാണ് ചെല്‍സി കോച്ച് മൗറീസ്യോ സാറിയുടെ കൂടുമാറ്റം. കഴിഞ്ഞ സീസണില്‍ ചെല്‍സിയിലെത്തിയ സാറി ടീമിന് യൂറോ കപ്പ് സമ്മാനിക്കുകയും വരാനിരിക്കുന്ന സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ അദ്ദേഹത്തിന് കീഴില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരാകാനും ചെല്‍സിക്ക് കഴിഞ്ഞു.
എന്നാല്‍ കൈമാറ്റ ജാലകത്തില്‍ രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുന്നതിനാല്‍ അടുത്ത സീസണില്‍ ചെല്‍സിക്ക് പുതിയ താരങ്ങളെ ടീമിലെത്തിക്കാനാവില്ല. ടീമിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ഏദന്‍ ഹസാര്‍ഡ് ചെല്‍സി വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുകയും ചെയ്തു. ഇതോടെയാണ് സാറി ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് കൂടുമാറുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അദ്ദേഹത്തിന്റെ കൂടുമാറ്റം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സാറി ചെല്‍സി വിട്ടാല്‍ പകരം ആരെന്നത് ടീമിനെ കുഴക്കുന്ന ചോദ്യമാണ്. എന്നാല്‍ മുങ്ങുന്ന ചെല്‍സിയെ രക്ഷിക്കാന്‍ പഴയ താരം പരിശീലകനായി എത്തുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. അത് മറ്റാരുമല്ല മുന്‍ ഇംഗ്ലണ്ട് താരവും ചെല്‍സിയുടെ ഇതിഹാസ താരവുമായിരുന്ന ഫ്രാങ്ക് ലംപാര്‍ഡാണ് നീലപ്പടയുടെ അമരത്തേക്ക് എത്തുന്നത്. ലംപാര്‍ഡാണ് ചെല്‍സിയുടെ ഉത്തമനായ പുതിയ പരിശീലകനെന്ന തരത്തില്‍ പല പ്രമുഖരും ഇതിനോടകം പ്രതികരിച്ച് കഴിഞ്ഞു.നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ ലംപാര്‍ഡിന്റെ ചെല്‍സിയിലേക്കുള്ള വരവിന് സാധ്യത കൂടുതലാണ്.
യുവരാജിനോട് ചെയ്തത് ശരിയായില്ല, തുറന്നടിച്ച് കപില്‍ദേവ്; ബിസിസിഐ വെട്ടില്‍
നിലവില്‍ ഡെര്ബിയ കൗണ്ടിയുടെ പരിശീലകനാണ് ലംപാര്‍ഡ്.2001 മുതല്‍ 2014വരെ ചെല്‍സിയുടെ നിര്‍ണ്ണായക താരമായിരുന്നു മിഡ്ഫീല്‍ഡറായ അദ്ദേഹം. നീലപ്പടയ്ക്കൊപ്പം 429 മത്സരം കളിച്ച താരം 147 ഗോളും നേടി.ക്ലബ്ബിനൊപ്പം മൂന്ന് പ്രീമിയര്‍ ലീഗ്,നാല് എഫ് എ കപ്പ്,രണ്ട് ഫുട്ബോള്‍ ലീഗ് കപ്പ്,രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ്,ഒരു ചാമ്പ്യന്‍സ് ലീഗ്,യൂറോപ്പാ ലീഗ് എന്നിവയും ലംപാര്‍ഡ് നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുള്ള അദ്ദേഹം 2016ലെ ന്യൂയോര്‍ക്ക് സിറ്റിക്ക് വേണ്ടിയാണ് അവസാനമായി കളിച്ചത്.