മലപ്പുറം: ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നിലമ്പൂര്‍ എരഞ്ഞിമങ്ങാട് ബ്രസീല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച 15555 രൂപ ചാലിയാര്‍ പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഉസ്മാന്‍ പാലിയേറ്റിവ് സെക്രട്ടറി കൂരിമണ്ണില്‍ ഷൗക്കത്തിന് തുക കൈമാറി. ഇ. ശരത്, പി. റഹ്മത്തുള്ള, ടി. ഹുസൈന്‍, കുറ്റിക്കാട്ടില്‍ ഹനീഫ, സനൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
എല്ലാവരും ഫ്‌ളക്‌സും കൊടിയും സ്ഥാപിക്കാനായി പതിനായിരങ്ങള്‍ ചെലവഴിക്കുന്നത് കണ്ടപ്പോഴാണ് സ്വരൂപിച്ച തുക എന്തെങ്കിലും നല്ല കാര്യത്തിന് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ടു ഭാരവാഹികള്‍ക്കിടയില്‍ ചര്‍ച്ചവന്നത്. ജീവകാരുണ്യ പ്രവൃത്തിക്ക് ഉപയോഗിക്കാമെന്ന ഭാരവാഹികളുടെ ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് ഈ തീരുമാനം. എന്നാല്‍ പണം ചെലവഴിച്ചല്ലാത്ത എല്ലാ പിന്തുണയും ഫാന്‍സുകാര്‍ ബ്രസീലിന് നല്‍കും. ലോകകപ്പ് ആവേശത്തിലേക്ക് വീണ മലപ്പുറം ജില്ലയില്‍ വിവിധ ടീമുകളുടെ ഫ്ലക്സുകളാല്‍ അലങ്കൃതമാണ്.

പ്രിയപ്പെട്ട ടീമിന്റെ ഫ്ലക്സ് വെക്കാന്‍ ലക്ഷണമൊത്ത സ്ഥലം കണ്ടെത്തി പലരും അത് ഉറപ്പിച്ചു കഴിഞ്ഞു. മലബാറില്‍ മാത്രമായി ലക്ഷകണക്കിന് രൂപയാണ് ഇതിന്ന് വേണ്ടി ചിലവാക്കുന്നത്. എന്നാല്‍ സ്വന്തം ടീമിനോടുള്ള ആരാധന മറ്റൊരു വിധത്തില്‍ പ്രകടിപ്പിക്കുകയാണിപ്പോള്‍ കൂടുതല്‍ ഫാന്‍സ് അസോസിയേഷനുകളും ഇതിനു മുമ്പും ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ പിരിച്ചെടുത്ത തുകകള്‍ ഫാന്‍സുകാര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഡൂര്‍ പുളിയാട്ടുകുളത്തെ ജര്‍മ്മനി ഫാന്‍സുകാരാണ് സമാനമായ രീതിയില്‍ പണം ചെലവഴിച്ചത്.
അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്പെയിനിന്റെയും ഫ്ളക്സുകള്‍ നാട്ടില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഇവിടുത്തെ ജര്‍മ്മനി ഫാന്‍സിനും ഒരാഗ്രഹം നമുക്കും വേണ്ടേ ഒരു ഫ്ലെക്സ്? അങ്ങനെ ചര്‍ച്ച തുടങ്ങി ചര്‍ച്ചയില്‍ ഇങ്ങനെ ഒരാശയവും മുന്നോട്ടു വെച്ചു.
'ഫുട്ബോള്‍ എന്നാല്‍ ഒരു ആവേശമാണ് അത് പീടിക തിണ്ണയിലല്ല വേണ്ടത് പകരം ഹൃദയത്തിലാണ് അതുകൊണ്ട് ഇത്തവണ നമുക്ക് ഖല്‍ബിലൊരു ഫ്ലെക്സ് വെക്കാം.അങ്ങനെ ഫ്ലെക്സിന് വേണ്ടി സ്വരൂപിച്ച പണം അവര്‍ നാട്ടിലെ ചാരിറ്റി സംഘടനയായ പുളിയാട്ടുകുളം കൂട്ടായ്മ ശിഹാബ് തങ്ങള്‍ ചാരിറ്റി സംഘടനക്ക് കൈമാറി.അങ്ങിനെ പോരിശ ഏറെ പറയാനുള്ള ജര്‍മ്മനിക്ക് വേണ്ടി പുളിയാട്ടുകുളത്തെ ജര്‍മ്മനി ഫാന്‍സും ഒരു ഫ്ലെക്സ് വെച്ചു. അത് പക്ഷെ പുളിയാട്ടുകുളത്തെ അങ്ങാടിയിലല്ലായിരുന്നു മറിച്ചു പുളിയാട്ടുകുളത്തുകാരുടെ ഖല്‍ബിന്റെ കവലയിലായിരുന്നു.
ജര്‍മ്മനി ഫാന്‍സ് അസോസിയേഷന്‍ പുളിയാട്ടുകുളം തുക ട്രസ്റ്റ് പ്രസിഡന്റ് കരീം വില്ലനു കൈമാറി.അന്‍സാരി പുവ്വക്കാട്,നിയാസ് അഹമദ്,അഷ് റഫലി.പി,ശറഫുദ്ധീന്‍ വില്ലന്‍,ഉസ്മാന്‍ വില്ലന്‍,നിയാസുദ്ധീന്‍ വി.കെ,അന്‍ വര്‍ വില്ലന്‍,അബൂ സ്വാലിഹ്,റാഷിദ് വി.കെ,ശിഹാബ് അല്‍ അമീന്‍,അഷ്രഫ് വില്ലന്‍,ശമീര്‍ വി.കെ,മഹ്മൂദ് വില്ലന്‍,സാദിഖലി,അഷ്രഫ് കെ.ടി,സുഹൈര്‍ സംബന്ധിച്ചു.