മുംബൈ: ശ്വാസ കോശാര്‍ബുദം സ്ഥിരീകരിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിനു പിന്തുണയുമായി ഇന്ത്യയുട മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. നേരത്തേ സമാനമാായ അസുഖത്തെ തോല്‍പ്പിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തിയ വ്യക്തി കൂടിയാണ് യുവി. ട്വിറ്ററിലൂടെയാണ് എത്രയും വേഗത്തില്‍ ദത്ത് രോഗമുക്തനായി മടങ്ങിവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചത്.
നിങ്ങള്‍ എല്ലായ്‌പ്പോഴും പോരാളി തന്നെയായിരിക്കും. ഇതുണ്ടാക്കുന്ന വേദന എത്രയുണ്ടാവുമെന്ന് തനിക്കറിയാം. എന്നാല്‍ നിങ്ങള്‍ കരുത്തനാണെന്നും ഈ കഠിനമായ ഘട്ടത്തെ മറികടക്കുമെന്നും തനിക്കറിയാം. എത്രയും വേഗത്തില്‍ രോഗമുക്തനാവാന്‍ തന്റെ പ്രാര്‍ഥനയും ആശംസകളുമെന്നായിരുന്നു യുവി ട്വീറ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് സിനിമാ പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന ദത്തിന് ശ്വാസ കോശാര്‍ബുദമാണന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. താരം അര്‍ബുദത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പേര്‍ എത്രയും പെട്ടെന്ന് രോഗമുക്തനാവട്ടെയെന്ന് ആശംസകള്‍ നേരുകയും ചെയ്തിരുന്നു.
ആഗസ്റ്റ് എട്ടിനാണ് ശ്വാസ തടസവും മറ്റു അസ്വസ്ഥകളും പ്രകടിപ്പിച്ചതിനെ തുടര്‍ന്നു ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവിടെ വച്ച് കൊവിഡ് ടെസ്റ്റിനും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 10ന് ദത്തിനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആഗസ്റ്റ് 11നാണ് പ്രമുഖ സിനിമാ നിരൂപകനായ കോമള്‍ നാഹ്ത ദത്തിന് അര്‍ബുദമാണമെന്ന് ട്വിറ്ററിലൂടെ അറിയിക്കുന്നത്. പിന്നീടാണ് താരം അര്‍ബുദത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നു പുറത്തുവന്നത്.
പിന്നീട് ദത്തും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇത്. സുഹൃത്തുക്കളെ, ചികില്‍സയ്ക്കായി ഞാന്‍ ചെറിയൊരു ബ്രേക്ക് എടുക്കുകയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും തനിക്കൊപ്പമുണ്ട്, അനാവശ്യമായ അഭ്യൂഹങ്ങളുടെ പേരില്‍ അസ്വസ്ഥരാവേണ്ടെന്നു അഭ്യുദയാകാംക്ഷികളോടു താന്‍ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ സ്‌നേഹവും ആശംസകളും ഒപ്പമുള്ളതിനാല്‍ അധികം വൈകാതെ താന്‍ മടങ്ങിയെത്തുമെന്നായിരുന്നു ദത്ത് കുറിച്ചത്.
വിദഗ്ധ ചികില്‍സയ്ക്കായി ദത്ത് ഉടന്‍ അമേരിക്കയിലേക്കു യാത്ര തിരിക്കും. രോഗാവസ്ഥയുടെ മൂന്നാം ഘട്ടത്തിലാണെങ്കിലും അസുഖം ഭേദമാവാന്‍ സാധ്യത കൂടുതലാണ്. ഇതിനായി അടിയന്തര ചികില്‍സ തന്നെ ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം, 2011ലായിരുന്നു യുവിക്കു ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അമേരിക്കയിലെ ബോസ്റ്റണ്‍, ഇന്ത്യാനപൊലിസ് എന്നീവിടങ്ങളില്‍ അദ്ദേഹം കീമോ തെറാപ്പിക്കു വിധേയനാവുകയായിരുന്നു. മൂന്നു ഘട്ടമായുള്ള കീമോതെറാപ്പിക്കു ശേഷം 2012 മാര്‍ച്ചില്‍ യുവി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജാവുകയായിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുന്നതിനിടെ പല ശാരീരിക അസ്വസ്ഥതകളും തനിക്കുണ്ടായിരുന്നതായും എന്നാല്‍ അന്ന് അത് അത്ര ഗൗരവമായി എടുത്തിരുന്നില്ലെന്നും യുവി പറഞ്ഞിരുന്നു.