ലണ്ടന്‍: കടം വീട്ടാന്‍ വഴിയില്ലാതെ പാപ്പരായ ജര്‍മന്‍ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ തന്റെ ട്രോഫികളും സമ്മാനങ്ങളും ലേലം ചെയ്യുന്നു. ബെക്കറുടെ ട്രോഫികള്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വെയ്ക്കുമെന്ന് ബ്രിട്ടിഷ് സ്ഥാപനമായ വൈല്‍സ് ഹാര്‍ഡി അറിയിച്ചു. മെഡലുകളും ട്രോഫികളും ഉള്‍പ്പെടെ 82 ഇനങ്ങളാണ് വില്‍പനയ്ക്കുള്ളത്. വില്‍പന ജൂലൈ 11-ന് അവസാനിക്കുമെന്ന് വൈല്‍സ് ഹാര്‍ഡിയുടെ വെബ്‌സൈറ്റില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനാണ് ബെക്കര്‍. മൂന്ന് വിംബിള്‍ഡണ്‍ കിരീടങ്ങളില്‍ ആദ്യത്തേത് നേടുമ്പോള്‍ ബെക്കറുടെ പ്രായം 17 ആയിരുന്നു. 51കാരനായ ബെക്കറെ 2017-ലാണ് പാപ്പരായി പ്രഖ്യാപിച്ചത്. 2018-ല്‍ അവസാന നിമിഷമാണ് ബെക്കര്‍ ട്രോഫികള്‍ ലേലം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറിയത്. യൂറോപ്യന്‍ യൂണിയനിലെ സ്‌പോര്‍ട്‌സ്, സാംസ്‌കാരിക പ്രതിനിധിയായി സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് പ്രസിഡന്റ് തന്നെ നിയമിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബെക്കര്‍ ലേലം തടഞ്ഞത്. എന്നാല്‍ ബെക്കര്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് പറഞ്ഞ് സെന്‍ട്രല്‍ ആഫ്രിക്കന്‍ മന്ത്രാലയം നിയമനം ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ ഡിംസംബറിലാണ് ബെക്കര്‍ ലേലത്തിന് സമ്മതിച്ചത്. എന്നാല്‍ ആ സമയത്ത് വേണ്ട രീതിയില്‍ വില്‍പന നടന്നില്ല. ബെക്കറിന് സ്പാനിഷ് കോടതികളിലും കേസുകളുണ്ട്. മയ്യോര്‍ക്കയിലെ അദ്ദേഹത്തിന്റെ വീടിന്റെ പണികളുമായി ബന്ധപ്പെട്ടാണിത്.
തന്റെ കരുത്തുറ്റ സെര്‍വുകളുടെ പേരില്‍ ബൂം ബൂം ബെക്കര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ബോറി ബെക്കര്‍ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 49 ചാമ്പ്യന്‍ഷിപ്പുകളും നേടിയിട്ടുണ്ട്. തന്റെ പേരും പ്രശസ്തിയും കടങ്ങള്‍ വീട്ടുന്നതിന് ഉപയോഗിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം. കമന്റേറ്റിങ് ഉള്‍പ്പെടെ ടെന്നിസുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.