Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗരവ് ഗാംഗുലിക്കു ഒമിക്രോണ്‍ ഇല്ല, ആശുപത്രി വിട്ടു

1

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും ഇന്ത്യയുടെ മുന്‍ ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. തിങ്കളാഴ്ചയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലായിരുന്നു ഗാംഗുലിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. ഇപ്പോള്‍ രാജ്യത്തു അതിവേഗം പടര്‍ന്നുപിടിക്കുന്ന കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അദ്ദേഹത്തിനു പിടിപെട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഒമിക്രോണ്‍ പരിശോധനയ്ക്കായി അയച്ച സാംപിളുകള്‍ നെഗറ്റീവാണെന്ന് തെളിയുകയും ചെയ്തു. പക്ഷെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഡോക്ടര്‍മാര്‍ അദ്ദേഹത്തോടു കുറച്ചു ദിവസം ആശുപത്രിയില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തിങ്കളാഴ്ച കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ ഗാംഗുലിയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും തന്നെയില്ലായിരുന്നു. എങ്കിലും നേരത്തേ ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാവുകയും ചെയ്തിരുന്നതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. മുറിയില്‍ 99 ശതമാനം ഓക്‌സിജന്‍ സാച്ചുറേഷന്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. വീട്ടിലെത്തിയാലും കൊവിഡില്‍ നിന്നും പൂര്‍ണമായി മുക്തനാവുന്നതു വരെ ഗാംഗുലി നിരീക്ഷണത്തില്‍ തന്നെയായിരിക്കും കഴിയുക. കാരണം അദ്ദേഹത്തിന്റെ കൊവിഡ് ഫലം ഇനിയും നെഗറ്റീവായിട്ടില്ല.

ഈ വര്‍ഷമാദ്യം രണ്ടു തവണ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജിമ്മില്‍ വച്ച് വ്യായാമം ചെയ്യവെയായിരുന്നു അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തിരമായി ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഗാംഗുലിക്കു ഒരു തവണ നേരത്തേയും കൊവിഡ് പിടിപെട്ടിരുന്നു. ഇതേ തുടര്‍ന്നും ആശുപത്രി വാസം വേണ്ടിവന്നിരുന്നു. ഇതില്‍ നിന്നും മോചിതനായ ശേഷം ക്രിക്കറ്റിലെ തിരക്കുകളിലേക്ക് അദ്ദേഹം നീങ്ങിയിരുന്നു.

അടുത്തിടെ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍സി വിവാദവുമായി ഗാംഗുലി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നു മാറ്റി പകരം രോഹിത് ശര്‍മയെ നിയമിച്ചതായിരുന്നു വിവാദങ്ങള്‍ക്കു വഴിയൊരുക്കിയത്. കോലിയുമായി ഇതേക്കുറിച്ച് നേരത്തേ തന്നെ സെലക്ടര്‍മാരും താനും ഫോണില്‍ സംസാരിച്ചിരുന്നതായും നേരത്തേ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് അഭ്യര്‍ഥിച്ചിരുന്നതായും ഗാംഗുലി വ്യക്തമാക്കിയിരുന്നു. പക്ഷെ ഇതിനു പിന്നാലെ കോലി ഇതു പരസ്യമായി നിഷേധിക്കുകയും ചെയ്തിരുന്നു. ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും നീക്കിയത് ടെസ്റ്റ് ടീം പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂര്‍ മാത്രം മുമ്പാണ് തന്നെ വിളിച്ച് അറിയിച്ചതെന്നുമായിരുന്നു കോലി തുറന്നടിച്ചത്. ഇതിനു ശേഷം ഇതേക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അക്കാര്യം ബിസിസിഐ കൈകാര്യം ചെയ്യുമെന്നായിരുന്നു ഗാംഗുലിയുടെ മറുപടി.

Story first published: Friday, December 31, 2021, 15:00 [IST]
Other articles published on Dec 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+