കൊല്‍ക്കത്ത: ഒരു മാസത്തിനിടെ രണ്ടാം തവണയും നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റും മുന്‍ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി ഞായറാഴ്ച ആശുപത്രി വിടുമെന്നു സൂചന. ഈയാഴ്ചയാദ്യമാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹം ഇവിടെ പ്രവേശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ഗാംഗുലി വീണ്ടും ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായിരുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം ഹൃദയധമനികളിലെ ബ്ലോക്കുകള്‍ ഒഴിവാക്കുന്നതിനായി രണ്ടു സ്‌റ്റെന്‍ഡുകള്‍ ഘടിപ്പിച്ചിരിക്കുകയാണ്. ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനു വേണ്ടി ബുധനാഴ്ചന നിരവധി ടെസ്റ്റുകള്‍ക്കു ഗാംഗുലി വിധേയനായിരുന്നു.
ഗാംഗുലിയുടെ ആരോഗ്യസ്ഥിതിയില്‍ ഭയപ്പെടേണ്ടതായി ഒന്നും തന്നെയില്ലെന്നു വ്യാഴാഴ്ച ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഗാംഗുലി ആരോഗ്യവാനാണെന്നു കുടുംബാംഗങ്ങളും ഡോക്ടര്‍മാരും തന്നെ അറിയിച്ചതായി പശ്ചിമ ബംഗാള്‍ ഗവര്‍ഡണര്‍ ജഗദീപ് ധനകറും സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.
ഈ മാസമാദ്യമായിരുന്നു ഗാംഗുലിക്കു ആദ്യമായി ചെറിയൊരു ഹൃദയാഘാതമുണ്ടായത്. ജിമ്മില്‍ വ്യായാമം ചെയ്തു കൊണ്ടിരിക്കെയായിരുന്നു അദ്ദേഹത്തിനു ചില അസ്വസ്ഥതകളുണ്ടായത്. ഉടന്‍ തന്നെ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വിദഗ്ധ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഹൃദയധമനികളില്‍ മൂന്നിടത്തായി ബ്ലോക്കുകളുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റിക്കു ശേഷം ഗാംഗുലിയുടെ ഹൃദയധമനിയില്‍ സ്റ്റെന്‍ഡ് ഘടിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം ജനുവരി ഏഴിന് ഡിസ്ചാര്‍ജാവുകയായിരുന്നു.