ബാഴ്സലോണ: സമകാലികരില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍താരം ആരെന്നു ചോദിച്ചാല്‍ ഭൂരിപക്ഷവും വിരല്‍ ചൂണ്ടുന്നത് അര്‍ജന്റീനയുടെയും ബാഴ്സലോണയുടെയും സൂപ്പര്‍താരം ലയണല്‍ മെസ്സിക്കു നേരെയായിരിക്കും. ഫുട്ബോള്‍ മൈതാനങ്ങളിലെ മഹാമാന്ത്രികനായ മെസ്സിക്ക് പക്ഷെ സെല്‍ഫിഷ് ആണെന്ന പേരുദോഷവും ഉണ്ട്.
എന്നാല്‍, താന്‍ ഇപ്പോള്‍ സ്വാര്ഥനല്ലെന്നാണ് മെസ്സി തന്നെ തുറന്നു സമ്മതിക്കുന്നത്. ആദ്യ കാലങ്ങളില്‍ സെല്‍ഫിഷ് ആയിരുന്നു താനും. എതിരാളിയുടെ കാലില്‍ നിന്നും പന്ത് തട്ടിയെടുത്താല്‍ തനിച്ച് പലതും ചെയ്യാനുള്ള മുന്നേറ്റമായിരിക്കും. ഇപ്പോള്‍ താന്‍ ഏറെ മാറിക്കഴിഞ്ഞെന്ന് അമേരിക്ക ടിവിക്ക് നല്കിയ അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.
ഇപ്പോള്‍ ടീം അംഗങ്ങളെ കേന്ദ്രീകരിച്ചാണ് കളി. തനിക്കാവുന്നതെല്ലാം ചെയ്തശേഷം പന്ത് സഹതാരങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്. പരമാവധി ഓടിയ ശേഷം ടീമിന്റെ പൊസിഷന്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കും മാറ്റുകയും പന്തിനെ ശരിയായ വിധത്തില്‍ പാസ് നല്‍കാനുമാണ് ഇപ്പോഴത്തെ ശ്രമമെന്ന് മെസ്സി പറയുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ തികച്ചതിന്റെ ആഹ്ലാദത്തിലാണ് മുപ്പതുകാരനായ മെസ്സി. ചെല്‍സിക്കെതിരായ പ്രീക്വാര്‍ട്ടറിലായിരുന്നു മെസ്സിയുടെ ഗോള്‍നേട്ടം. സീസണില്‍ ലാ ലീഗയില്‍ 24 ഗോളുകളുമായി ടോപ് സ്കോറര്‍ കൂടിയാണ് സൂപ്പര്‍താരം. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കുവേണ്ടി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ ഇത്തവണ ബാലന്‍ദ്യോര്‍ പുരക്സാരം കൂടി മെസ്സിക്ക് സ്വന്തമാകും.