ജക്കാര്‍ത്ത: ഏഷ്യന്‍ വന്‍കരയുടെ കായിക മാമാങ്കത്തിന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ തുടക്കമായി. ഗെലോറ ബുംഗ് കര്‍ണോ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദയും വൈസ് പ്രസിഡന്റ് യൂസുഫ് കല്ലയും ചേര്‍ന്നാണ് 18ാം ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്.

45 രാജ്യങ്ങളില്‍ നിന്നുള്ള 11000 താരങ്ങളാണ് ഈ മേളയില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടനദിവസം മത്സരങ്ങളൊന്നുമില്ല. 572 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ജക്കാര്‍ത്തയിലുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആന്‍ഗുന്‍, റെയ്‌സ, ടുലുസ് തുടങ്ങിയവരുടെ സംഗീതപരിപാടികള്‍ ഉണ്ടായിരുന്നു. ഇന്തോനേഷ്യയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ഉദ്ഘാടനച്ചടങ്ങില്‍ നാലായിരത്തോളം കലാകാരന്മാരാണ് പങ്കെടുത്തത്.

ഇന്ത്യന്‍ സംഘത്തെ നയിച്ചത് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു.മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത ടീം കടും നീല നിറത്തിലുള്ള കോട്ടും സൂട്ടുമാണ് ധരിച്ചിരുന്നത്. സെപ്തംബര്‍ രണ്ടു വരെ നീളുന്ന കായികോത്സവത്തിന് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയും പാലെബാങ് നഗരവും വേദിയാകും.