ദില്ലി: മലയാളി ഫുട്ബോള്‍ താരം ആഷിഖ് കരുണിയന് ഐഎസ്എല്‍ പുതിയ സീസണില്‍ ബെംഗളുരു എഫ്സിയിലേക്കെന്ന് റിപ്പോര്‍ട്ട്. പൂണെ സിറ്റി ടീമിലുള്ള ആഷിഖിനെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് തയ്യാറാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് കൈമാറ്റമെന്നും സൂചനയുണ്ട്. 70 ലക്ഷം രൂപയ്ക്കടുത്ത് ആഷിഖിന് ലഭിച്ചേക്കും. കരാര്‍ പൂര്‍ത്തിയായാല്‍ ഇന്ത്യക്കാരന് ലഭിക്കുന്ന ഐഎസ്എല്ലിലെ രണ്ടാമത്തെ വലിയ കരാര്ത്തുകയാകും ഇത്.
പൂണെ സിറ്റിക്ക് നിലവില്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുകൂടിയാണ് ഇരുപത്തിരണ്ടുകാരനായ വിങ്ങറെ കൈമാറാന്‍ ഒരുങ്ങുന്നത്. ഇതിനകം തന്നെ മികവ് തെളിയിച്ച ആഷിഖ് ഇന്ത്യന്‍ ടീമിലും അംഗമാണ്. ആഷിഖിനെ ടീമിലെടുത്താല്‍ അത് കൂടുതല്‍ കരുത്താകുമെന്നാണ് ബെംഗളുരുവിന്റെ പ്രതീക്ഷ. സുനില്‍ ഛേത്രിയും ഉദാന്ത സിങ്ങും അടങ്ങുന്ന ബെംഗളുരുവില്‍ ആഷിഖ് കൂടിയെത്തുന്നതോടെ ഏറ്റവും മികച്ച ടീമുകളിലൊന്നാകും.
അശ്വിന് ടീമില്‍ ഇടമില്ല, കാരണം കോലിയുമായുള്ള ഉടക്ക്? ചോദ്യം ചെയ്ത് മുന്‍ ഇംഗ്ലണ്ട് താരം
പൂണെ സിറ്റിയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരമാണ് ആഷിഖ്. വിയ്യാറയലിന്റെ സി ടീമിലേക്ക് ലോണില്‍ കളിക്കാനും അവസരം ലഭിച്ചു. 2019ലെ എഫ്എഫ്സി ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി ഗംഭീര പ്രകടനമാണ് ഈ മലപ്പുറംകാരന് പുറത്തെടുത്തത്. വിങ്ങറായും മുന്നേറ്റനിരയിലും തിളങ്ങാന്‍ താരത്തിന് കഴിയും. ആഷിഖിന്റെ കരാര്‍ അടുത്തദിവസം തന്നെ ബെംഗളുരു പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.