ദില്ലി: ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലോക ഒന്നാം നമ്പര്‍ ബൗളറായ താരമാണ് ജസ്പ്രീത് ബുംറ. ബുംറയുടെ കളിമികവിനൊപ്പമെത്തുന്ന പേസ് ബൗളര്‍ ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ അപൂര്‍വമാണ്. അടുത്തിടെ വെസ്റ്റിന്‍ഡീസില്‍ സമാപിച്ച ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ബുംറ തന്റെ പ്രകടനം ഒരിക്കല്‍ക്കൂടി തെളിയിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിലും താരം സമീപഭാവിയില്‍തന്നെ ഒന്നാം റാങ്കിലെത്തും.
ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളായ മാറിക്കഴിഞ്ഞ ബുംറയെക്കുറിച്ച് വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ. ബുംറയുടെ സ്ഥിരത അതിശയിപ്പിക്കുന്നതാണെന്ന് കുംബ്ലെ പറഞ്ഞു. എങ്ങിനെ വിക്കറ്റെടുക്കണമെന്ന് ബുംറയ്ക്ക് അറിയാം. കളിയില്‍ നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയും അതിനനുസരിച്ച് മാറ്റം വരുത്തുകയും ചെയ്യാന്‍ ബൗളര്‍ക്ക് കഴിയുന്നു. വ്യത്യസ്ത ബാറ്റ്സ്മാന്മാര്ക്ക് വ്യത്യസ്തമായ പന്തുകളെറിയുന്നു. കളിയെക്കുറിച്ച് പഠിക്കുന്ന ബുംറയുടെ കഴിവ് അപാരമാണെന്നും കുംബ്ലെ വ്യക്തമാക്കി.
സിപിഎല്‍ ഡ്രസ്സിങ് റൂമിലെത്തി എട്ടിന്റെ പണി കിട്ടിയ ദിനേഷ് കാര്‍ത്തിക് മാപ്പു പറഞ്ഞു
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളറാകും ബുംറയെന്ന് കുംബ്ലെ പ്രവചിച്ചു. ഇപ്പോള്‍ 25 വയസ് മാത്രമേ പ്രായമായിട്ടുള്ളൂ. ഏറെദൂരം ഇനിയും പോകാനുണ്ട്. രണ്ടോ മൂന്നോ വിക്കറ്റെടുക്കുന്ന തുടക്കക്കാരനില്‍ നിന്നും അഞ്ച് വിക്കറ്റെടുക്കുന്ന ബുംറയും തമ്മില്‍ ഏറെ മാറ്റമുണ്ട്. മാച്ച്വിന്നറാകാന് കഴിയുകയെന്നത് വലിയ കാര്യമാണ്. ബുംറ അത് ശീലമാക്കിക്കഴിഞ്ഞു. ചെറുപ്രായത്തില്‍ തന്നെ ബുംറ വലിയ നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നുവെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.