ബെര്‍ലിന്‍: ചരിത്ര പ്രസിദ്ധമായ മാരക്കാനയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് നാലാം തവണയും ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട ജര്‍മന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ രാജകീയമായ സ്വീകരണം. ഫൈനല്‍ മത്സരം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് താരങ്ങള്‍ ജര്‍മനിയിലെത്തിയത്.
ലുഫ്താനയുടെ ബോയിംഗ് 747 വിമാനത്തില്‍ പ്രദേശിക സമയം 12.30 ഓടെ തെഗല്‍ വിമാനത്താവളത്തില്‍ എത്തിയ ടീമിനെ കാത്ത് വന്‍ ജനാവലിയാണ് കാത്തുനിന്നത്. 24 വര്‍ഷത്തിനുശേഷം തങ്ങളുടെ രാജ്യം ലോകകപ്പ് നേടിയശേഷം രാജ്യമെങ്ങുമുള്ള ആഘോഷങ്ങള്‍ ഇനിയും നിലച്ചിട്ടില്ലായിരുന്നു. വിമാനത്താവളത്തില്‍ നിന്നും ടീം അംഗങ്ങള്‍ തുറന്നവാഹനത്തില്‍ നഗരത്തില്‍ പ്രദക്ഷിണം വയ്ക്കും.

24 വര്‍ഷങ്ങള്‍ക്ക് മുന്‍പും അര്‍ജന്റീനയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ജര്‍മനി കിരീടം നേടിയത്. എന്നാല്‍ അന്ന് പശ്ചിമ ജര്‍മനിയുടെ ബാനറിലായിരുന്നു ടീം. ജര്‍മനിയുടെ ഏകീകരണത്തിനുശേഷം സ്വന്തമാക്കുന്ന ആദ്യ ലോകകപ്പെന്ന നിലയില്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂടുമെന്നുറപ്പാണ്. മുതിര്‍ന്ന നേതാക്കളും ഭരണാധികാരികളും ടീം അംഗങ്ങളെ ആഘോഷപൂര്‍വമാണ് സ്വീകരിച്ചാനയിക്കുക.
ലോകകപ്പ് ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് ജര്‍മനി കാഴ്ചവെച്ചത്. സെമിഫൈനലില്‍ ബ്രസീലിനെ 7-1 എന്ന സ്‌കോറിന് കീഴടക്കിയ ജര്‍മനിയുടെ കേളീമികവ് സമാനതകളില്ലാത്തതാണ്. ഫൈനലില്‍ അര്‍ജന്റീനയെയും നല്ലൊരു മാര്‍ജിനില്‍ തോല്‍പ്പിക്കുമെന്നായിരുന്നു ഫുട്‌ബോള്‍ വിദഗ്ധരുടെ കണകൂട്ടലെങ്കിലും കളിയുടെ അധികസമയത്ത് ഗോട്‌സെ നേടിയ ഗോളില്‍ ജര്‍മനി ചാമ്പ്യന്മാരാവുകയായിരുന്നു.