ലണ്ടന്‍: പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ വമ്പന്മാരായ ആഴ്‌സണലിനെ അവരുടെ തട്ടകത്തില്‍ 2-0 എന്ന സ്‌കോറിന് അട്ടിമറിച്ച വെസ്റ്റ് ഹാമിന്റെ ജയം ആരാധകന്‍ ആഘോഷിച്ചത് വ്യത്യസ്ത രീതിയില്‍. തന്റെ പിന്‍ഭാഗത്ത് കളിയുടെ സ്‌കോര്‍ പച്ചകുത്തിയായിരുന്നു ആരാധകന്റെ വ്യത്യസ്ത രീതിയിലുള്ള ആഘോഷം. ഇരു ടീമുകളുടെ പേരും സ്‌കോറും തീയതിയും വാളര്‍ എന്ന ആരാധകന്‍ പച്ചകുത്തി.
യഥാര്‍ഥത്തില്‍ വാളര്‍ പച്ചകുത്തിയത് ഒരു ബെറ്റിനുവേണ്ടിക്കൂടിയായിരുന്നു. ടീം ജയിച്ചാല്‍ തന്റെ പിന്‍ഭാഗത്ത് കളിയുടെ സ്‌കോര്‍ പച്ചകുത്തുമെന്നായിരുന്നു വാളര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്. ടീം കളി തോല്‍ക്കുമെന്നു തന്നെയായിരുന്നു തന്റെ ധാരണയെന്ന് വാളര്‍ പറഞ്ഞു. അതേസമയം, പച്ചകുത്തുന്നതില്‍ തനിക്ക് വിഷമമില്ലെന്നും ഇത് തന്റെ ആഘോഷത്തിന്റെ ഭാഗമാണെന്നും യുവാവ് വ്യക്തമാക്കി.

കളി കണ്ടുകഴിഞ്ഞയുടന്‍ വാളര്‍ നേരെ പോയത് ടാറ്റൂ സെന്റിലേക്കായിരുന്നു. ട്വീറ്റിന് വാക്കുപാലിച്ച് ടീമിന്റെ സ്‌കോര്‍ ലൈനും തീയതിയും വാളര്‍ പച്ചകുത്തി. മാത്രമല്ല, അതിന്റെ ചിത്രമെടുത്ത് യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം മാധ്യമങ്ങളുടെ ശ്രദ്ധനേടിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിരയിലുള്ള നാലു ക്ലബ്ബുകളിലൊന്നായ ആഴ്‌സണല്‍ സ്വന്തം മൈതാനത്ത് വെസ്റ്റ് ഹാമിനെതിരെ തോല്‍ക്കുമെന്ന് വെസ്റ്റ് ഹാം ആരാധകര്‍ പോലും കരുതിയിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ചെല്‍സിയില്‍ നിന്നും ആഴ്‌സണിലേക്ക് കൂടുമാറിയ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിന്റെ രണ്ടു പിഴവുകള്‍ ആഴ്‌സണലിന് രണ്ടുഗോളിന്റെ തോല്‍വി സമ്മാനിച്ചു.