തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വോളിബോള്‍ താരം ടോം ജോസഫ്, ഒളിമ്പ്യന്‍ അഞ്ജുബോബി ജോര്‍ജ്ജ് എന്നിവര്‍ ഉള്‍പ്പടെ നാല് പേര്‍ക്കാണ് ജിവി രാജ പുരസ്‌ക്കാരം ലഭിച്ചത്. പുരുഷ വനിത വിഭാഗങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതമാണ് അവാര്‍ഡിന് അര്‍ഹരായത്.
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ഒപി ജെയ്ഷ, ജിബിന്‍ തോമസ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹാരായി. മികച്ച പരിശീലകയ്ക്കുള്ള അവാര്‍ഡ് പിടി ഉഷയ്ക്ക് ലഭിച്ചു. ടിന്റു ലൂക്കയുടെ നേട്ടങ്ങളാണ് പിടി ഉഷയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മാനുവല്‍ ഫെഡറികിന് ലഭിച്ചു. അര്‍ജുന അവാര്‍ഡിന് തൊട്ടുപിന്നാലെയാണ് ടോം ജോസഫിനെ തേടി സംസ്ഥാന അവാര്‍ഡ് എത്തുന്നത്. എട്ട് തവണയാണ് ഈ കായികതാരം ജിവി രാജ പുരസ്‌കാരത്തിന് വേണ്ടി അപേക്ഷിച്ചത്.
കൊളെജ് വിഭാഗത്തില്‍ മികച്ച കായിക അധ്യാപകനുള്ള അവാര്‍ഡ് കോതമംഗലത്തെ പാബു പിടിയ്ക്കും സ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂരിലെ എന്‍എസ് സജിനും നേടി.
മികച്ച കായിക ലേഖകനുള്ള അവാര്‍ഡ് ദീപികയിലെ തോമസ് വര്‍ഗീസിനും മികച്ച വാര്‍ത്താ ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്്കാരം മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയ്ക്ക് ലഭിച്ചു. മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് മലയാള മനോരമയിലെ റിപ്പോര്‍ട്ടര്‍ ടികെ സനീഷിനും ലഭിച്ചു