റിയോ ഡി ജനീറോ: 100 മീറ്റര്‍ ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ട് തന്നെ രാജാവ്. റിയോ ഡി ജനീറോയിലെ ഒളിമ്പിക്സ് ട്രാക്കിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടായിരുന്നു വേഗതയുടെ രാജകുമാരനായ ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കക്കാരന്‍ കരിയറിലെ ഒമ്പതാം ഒളിംപിക്‌സ് സ്വര്‍ണം ഓടിയെടുത്തത്. ഫൈനലില്‍ 9.81 സെക്കന്റില്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിട്ടു. 100 മീറ്ററില്‍ ബോള്‍ട്ടിന്റെ ഹാട്രിക് ഒളിംപിക്‌സ് സ്വര്‍ണമാണിത്.
Read Also: ഫേസ്ബുക്കില്‍ ട്രെന്‍ഡിങ് പുരാണചളികള്‍... ട്രോളന്മാരുടെ സൂപ്പർ ഹീറോ ബ്രഹ്മാവും യേശുവും!
ബോള്‍ട്ടിന് വെല്ലുവിളിയുയര്‍ത്തും എന്ന് പരക്കെ കരുതപ്പെട്ട അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്ലിന്‍ തന്നെയാണ് രണ്ടാം സ്ഥാനത്ത്. 9.89 സെക്കന്റാണ് ഗാട്‌ലിന്റെ സമയം. കാനഡയുടെ ആന്ദ്ര ഡി ഗ്രാസിക്കാണ് വെങ്കലം. സ്വര്‍ണം നേടിയെങ്കിലും ബോള്‍ട്ടിന് കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകളിലെയും പ്രകടനത്തിന് അടുത്തെത്താനായില്ല. ബെയ്ജിങ് ഒളിംപിക്സില്‍ 9.68 സെക്കന്റിലും 2012 ലണ്ടന്‍ ഒളിംപിക്സില്‍ 9.63 സെക്കന്റ് സമയത്തിലും ബോള്‍ട്ട് ഫിനിഷ് ചെയ്തിരുന്നു.

റിയോ ഡി ജനീറോയില്‍ പരിക്ക് വകവെക്കാതെയാണ് ഉസൈന്‍ ബോള്‍ട്ട് ഈ സ്വര്‍ണം ഓടിയെടുത്തത്. പരിക്ക് മൂലം ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോലും ബോള്‍ട്ടിന് പറ്റില്ല എന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോകറെക്കോര്‍ഡും ഒളിംപിക്‌സ് റെക്കോര്‍ഡും കൈവശം വെക്കുന്ന ഉസൈന്‍ ബോള്‍ട്ടിന് മുന്നില്‍ ട്രാക്ക് ഒരിക്കല്‍ക്കൂടി തലകുനിച്ചു. ഹീറ്റ്സില്‍ 10.07 സെക്കന്റ് സമയത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് ഉസൈന്‍ ബോള്‍ട്ട് സെമിയില്‍ പ്രവേശിച്ചത്.