മാഡ്രിഡ്: വമ്പന്‍ താരങ്ങളെ കോടിക്കണക്കിന് രൂപയ്ക്ക് സ്വന്തമാക്കിയിട്ടും ശരാശരി പ്രകടനം മാത്രം കാഴ്ചവെക്കുന്ന റയല്‍ മാഡ്രിഡിന് ഇരുട്ടടിയായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടാനൊരുങ്ങുന്നു. പുതിയ സീസണിലെ ട്രാന്‍സര്‍ വിന്‍ഡോ അടഞ്ഞതോടെ ജനുവരിയില്‍ ടീം വിടാനാണ് ആലോചനയെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വെളിപ്പെടുത്തി.
ടീം മാനേജുമെന്റുമായി ഉണ്ടായ അസന്തുഷ്ടിയാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബ് മാറാന്‍ പ്രേരിപ്പിക്കുന്നത്. തന്നെ ലോകമറിയുന്ന കളിക്കാരനാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തന്നെ തിരിച്ചുപോകണമെന്ന് കഴിഞ്ഞദിവസം റൊണാള്‍ഡോ പറഞ്ഞിരുന്നു. അടുത്തിടെ ശരാശരിയിലും താഴ്ന്ന കളി കാഴ്ചവെക്കുന്ന മാഞ്ചസ്റ്ററിന്റെ ഇപ്പൊഴത്തെ കളിനിലവാരം റൊണാള്‍ഡോയെ വിഷമിപ്പിക്കുന്നതായാണ് വിവരം.

റയലില്‍ തന്റെ ഉറ്റ കൂട്ടുകാരനായ എഞ്ചല്‍ ഡി മരിയയെ ടീം ഒഴിവാക്കിയത് റൊണാള്‍ഡോയെ ചൊടിപ്പിച്ചിട്ടുണ്ട്. മിന്നുന്ന ഫോമില്‍ കളിക്കുന്ന മരിയയെ ടീമില്‍ നിലനിര്‍ത്തണമെന്ന് റൊണാള്‍ഡോ അപേക്ഷിച്ചിരുന്നെങ്കിലും ക്ലബ്ബ് തയ്യാറായിരുന്നില്ല. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കളിക്കരുതെന്ന റയലിന്റെ നിര്‍ദ്ദേശത്തോട് മരിയ മോശം രീതിയില്‍ പ്രതികരിച്ചതാണ് അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡറെ ഒഴിവാക്കാന്‍ ടീം തയ്യാറായതെന്നാണ് സൂചന.
റൊണാള്‍ഡോ ടീം വിടുകയാണെങ്കില്‍ റയലിന് വമ്പന്‍ തിരിച്ചടിയാകും ആ തീരുമാനം. അതിനിടെ ചെല്‍സി അടക്കമുള്ള വമ്പന്‍ ക്ലബ്ബുകള്‍ റൊണാള്‍ഡോയ്ക്കായി രംഗത്തുണ്ടെന്നും വാര്‍ത്തയുണ്ട്. റയലിലെ മുന്‍ കോച്ച് മൗറീന്യോ റൊണാള്‍ഡോയെ വാങ്ങുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റിനോട് അനുകൂല തീരുമാനം അറിയിച്ചിട്ടുണ്ട്.