
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 51ാം മിനിറ്റില്‍ ജെല്‍സണ്‍ ഫെര്‍ണാണ്ടസാണ് ലോക രണ്ടാംനമ്പര്‍ ടീമിനെതിരെ സ്വിസ് പടയുടെ വിജയഗോള്‍ കുറിച്ചത്.
കളം നിറഞ്ഞുകളിച്ചിട്ടും ഗോള്‍ നേടാനാവാതെ പോയതാണ് സ്പാനിഷ് ദുരന്തത്തിന് ഇടയാക്കിയത്. പഴുതുകള്‍ നല്‍കാതെ ഉറച്ചുനിന്ന് പൊരുതിയ പ്രതിരോധനിരയും ഗോള്‍ കീപ്പര്‍ ഡീഗോ ബെനാഗ്ലിയോയുടെ മികവുമാണ് സ്വിസ് ടീമിന് ചരിത്രജയം നേടിക്കൊടുത്തത്. ഇരു ടീമുകളും തമ്മില്‍ നടന്ന 19 കളികളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആദ്യ ജയമാണിത്.
കളിയുടെ ഒഴുക്കിന് എതിരെയായിയിരുന്നു ഫെര്‍ണാണ്ടസിന്റെ ഗോള്‍. നീണ്ട ഗോള്‍ കിക്ക് പിടിച്ചെടുത്ത് സ്വിസ് സ്‌െ്രെടക്കര്‍ എറിന്‍ ഡെഡ്രിയോക് ബോക്‌സിലേക്ക് കുതിച്ചപ്പോള്‍, സ്‌പെയിന്റെ ഗോളി ഇകെര്‍ കസിയസ് തടയാനായി ഓടിയെത്തി. ഇതിനിടെ പന്ത് സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെയുടെ വഴിയിലെത്തിയെങ്കിലും വീണുപോയ പിക്വെക്ക് പന്ത് അടിച്ചകറ്റാനായില്ല. പിന്നാലെ ഓടിയെത്തിയ ഫെര്‍ണാണ്ടസ് പന്തിനെ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.